LATESTNATIONAL

മുത്തലാഖ് കേസിലെ പ്രതികള്‍ക്ക് പരാതിക്കാരിയുടെ വാദം കേട്ടശേഷം മുന്‍കൂര്‍ ജാമ്യം അനുവദിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മുത്തലാഖ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പരാതിക്കാരിയായ മുസ്ലിം സ്ത്രീയുടെ വാദം കോടതി കേള്‍ക്കണം. മുത്തലാഖ് നിയമപ്രകാരം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുത്തലാഖ് നിയമപ്രകാരം കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് സുപ്രീം കോടതി ഉത്തരവ്. പട്ടികജാതിപട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നത് പോലെ മുത്തലാഖ് കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരാതികാരിക്ക് നോട്ടീസ് അയച്ച ശേഷം പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്
മുത്തലാഖ് നിയമത്തിലെ 7 (സി) പ്രകാരം ഭര്‍ത്താവിന് എതിരെ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂ. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല എന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാവും സ്ത്രീധന പീഡനം നടത്തി എന്നാരോപിച്ച് യുവതി നോര്‍ത്ത് പരവൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആണ് കേസ്. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാവിനും മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചിരുന്നു.
2016 മെയ് മാസം മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹിതരായെങ്കിലും 2017 മുതല്‍ ഭാര്യയുമായി അകന്നു കഴിയുകയാണെന്നായിരുന്നു ഭര്‍ത്താവ് സുപ്രീം കോടതിയില്‍ ഉന്നയിച്ച വാദം. പള്ളി കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ സ്ത്രീധന പീഡനം നടത്തിയതായി യുവതി ആരോപിച്ചിരുന്നില്ല. മുസ്ലിം വ്യക്തി നിയമപ്രകാരം മുത്തലാഖ് ചൊല്ലാതെ തനിക്ക് രണ്ടാമത് വിവാഹം കഴിക്കാന്‍ അവകാശം ഉണ്ട്. ആ അവകാശം വിനിയോഗിച്ച് കൊണ്ടാണ് 2020 ഓഗസ്റ്റില്‍ രണ്ടാമത് വിവാഹം കഴിച്ചതെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ തന്നെ മുത്തലാഖ് നിയമ പ്രകാരം ഉള്ള കേസ് നിലനില്‍ക്കില്ല എന്നാണ് മുന്‍ ഭര്‍ത്താവിന്റെ അഭിഭാഷകരുടെ വാദം. എന്നാല്‍ ഭര്‍ത്താവിനോട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ മുന്‍ ഭര്‍ത്താവിന് ജാമ്യം അനുവദിച്ചു. ഭര്‍ത്തവിന്റെ മാതാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ഭര്‍ത്താവിനും, മാതാവിനും വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹാജരായി. യുവതിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ്, അഭിഭാഷകന്‍ ഹര്‍ഷാദ് ഹമീദ് എന്നിവര്‍ ഹാജര്‍ ആയി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹാജരായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker