ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി ക്രമസമാധാന വിഷയമാണെന്നും ഇക്കാര്യത്തില്‍ പോലീസാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഇടപെടില്ലെന്നും പ്രതിഷേധത്തില്‍ പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡല്‍ഹി പോലീസാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഏത് വ്യവസ്ഥയില്‍, എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് പോലീസിന് തീരുമാനിക്കാമെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
നിങ്ങള്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ പറയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി പറഞ്ഞു. പോലീസ് ആക്റ്റ് പ്രകാരം നിങ്ങള്‍ക്ക് എന്ത് അധികാരങ്ങളുണ്ടെന്ന് സുപ്രീം കോടതി പറയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ ജനുവരി 20ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നേരത്തെ നിശ്ചയിച്ച ജനുവരി 26ലെ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോവാന്‍ കര്‍ഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ 2024 മെയ് വരെ പ്രതിഷേധിക്കാന്‍ തയ്യാറാണെന്നും ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു.