BREAKING NEWSLATESTNATIONAL

‘പാന്റിന്റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല’; വീണ്ടും വിവാദ വിധിയുമായി ബോംബെ ഹൈക്കോടതി

നാഗ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍വെച്ച് പാന്റിന്റെ സിബ് അഴിക്കുന്നതും കൈയില്‍ പിടിക്കുന്നതും ലൈംഗിക അതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട അമ്പതുകാരന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബെഞ്ച് വിധി. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ സ്പര്‍ശിക്കുന്നതില്‍ പോക്‌സോ പ്രകാരം കേസെടുക്കാന്‍ ആകില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധിച്ചത് വലിയ വാര്‍ത്തയായിരുന്നു.
അമ്മ ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ ലിബ്‌നസ് കുജുര്‍ എന്നയാള്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. ഐസിസി 354 എ 1, 448 എന്നീ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമം 8,10, 12 വകുപ്പുകള്‍ അനുസരിച്ചും പ്രതി കുറ്റക്കാരനാണെന്നു വിലയിരുത്തിയെ പോക്‌സോ കോടതി അഞ്ചു വര്‍ഷത്തെ തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ സ്പര്‍ശിക്കുന്നതില്‍ പോക്‌സോ പ്രകാരം കേസെടുക്കാന്‍ ആകില്ലെന്ന നിരീക്ഷണം നടത്തിയതും ജസ്റ്റിസ് പുഷ്പ ഗനേഡിവാല ആയിരുന്നു. ഇത് നിയമവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഈ വിധി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ മറ്റൊരു വിധിയും വാര്‍ത്താപ്രാധാന്യം നേടുന്നത്.
പ്രായപൂര്‍ത്തിയാകാത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമം(പോക്‌സോ) പ്രകാരം പാന്റിന്റെ സിപ് അഴിക്കുക, കൈയില്‍ പിടിക്കുക എന്നിവ ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് പുഷ്പ വിലയിരുത്തി. ഇതിനു പരമാവധി സ്ത്രീയുടെ അന്തസ്സു കെടുത്തല്‍ (ഐപിസി 354 എ1), പോക്‌സോ നിയമത്തിലെ താരമമ്യേന ശിക്ഷ കുറഞ്ഞ പന്ത്രണ്ടാം വകുപ്പ് എന്നീ വകുപ്പുകള്‍ പ്രകാരമേ കുറ്റക്കാരനെന്നു വിധിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനോടകം അഞ്ചു മാസം പ്രതി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാല്‍ വിട്ടയയ്ക്കാവുന്നതായും കോടതി വിധിന്യായത്തില്‍ പറയുന്നു.
‘മാറിടത്തില്‍ പിടിക്കുന്നതെല്ലാം പോക്‌സോപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍പ്പെടുത്തി പോക്‌സോ രജിസ്റ്റര്‍ ചെയ്യാനാവില്ല. പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. 12 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ വിധി പറഞ്ഞ സിംഗിള്‍ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു കേസില്‍ പോക്‌സോ വകുപ്പ് നിലനില്‍ക്കണമെങ്കില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ സ്പര്‍ശിക്കുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിപ്പിക്കുകയോ വേണം. ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 12 വയസുള്ള പെണ്‍കുട്ടിയുടെ വസ്ത്രം പാതി അഴിച്ച് മാറിടത്തില്‍ പിടിച്ച കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് കോടതി വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Back to top button