ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാര്‍ഥികളുടേയും അപ്പീലുകളില്‍ അടുത്ത ബുധനാഴ്ച അന്തിമവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ട് 2016 മുതല്‍ നിലനില്‍ക്കുന്ന വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നില്ലെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് റദ്ദാക്കിയ 2020 മേയ് മാസത്തെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നേരത്തെ നോട്ടീസ് അയച്ചിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഹര്‍ജി ഇരിക്കുന്നതിനാല്‍ ഫീസ് നിര്‍ണയ സമിതിയോട് വാര്‍ഷിക ഫീസ് നിര്‍ണയിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശിക്കാന്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശും വാദിച്ചു.
എന്നാല്‍ ഇടക്കാല വിധിയില്‍ സ്റ്റേ നിര്‍ദേശം ഇല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഫീസ് നിര്‍ണയിക്കാത്തത് കോടതി അലക്ഷ്യമാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫീസ് നിര്‍ണയ സമിതി തീരുമാനം എടുക്കുന്നതില്‍ സര്‍ക്കാരിന് എന്താണ് വിഷമമെന്നും കോടതി ആരാഞ്ഞു. കണക്കുകള്‍ സൂക്ഷ്മ പരിശോധന നടത്തി വേണം ഫീസ് നിശ്ചയിക്കേണ്ടത് എന്ന ഇസ്ലാമിക് അക്കാഡമി കേസിലെ വിധിയുടെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഫീസ് നിര്‍ണയിക്കുന്നതിന് മുമ്പ് മാനേജ്മെന്റുകളെ ഫീസ് നിര്‍ണയ സമിതി കേട്ടില്ലെന്ന വാദം തെറ്റാണെന്നും കേരളം വ്യക്തമാക്കി.
വസ്തുതകള്‍ മറച്ചുവച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്ന് മാനേജ്മെന്റുകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദാവെ, ശ്യാം ദിവാന്, അഭിഭാഷകരായ ഹാരിസ് ബീരാന്, സുല്‍ഫിക്കര്‍ അലി എന്നിവര്‍ വാദിച്ചു. ഫീസ് നിര്‍ണയ സമിതി അധ്യക്ഷന്‍ വിരമിച്ച ജഡ്ജി ആണെങ്കിലും ഇപ്പോഴും ഹൈക്കോടതി ജഡ്ജിയെ പോലെയാണ് പെരുമാറുന്നത് എന്ന് ദുഷ്യന്ത് ദാവെ ആരോപിച്ചു. തനിക്ക് കോടതി ഉത്തരവുകളൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും ദാവെ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകര്‍ ആയ പി.എസ്. പട്വാലിയ, പി.എസ്. നരസിംഹം, അഭിഭാഷകര്‍ ആയ എം.ആര്. രമേശ് ബാബു, ആബിദ് അലിബീരാന് എന്നിവര്‍ ഹാജരായി. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെയാണ് 12,000 ത്തോളം എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഫീസിന്റെ കാര്യത്തില്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കാന്‍ പോകുന്നത്.