കൊച്ചി: സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളി. പദ്ധതി സാമ്പത്തികമായി അപ്രായോഗികമാണെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും വാണിജ്യപരമായി പ്രായോഗികമല്ലെന്നും ധാരാളം കുടുംബങ്ങളേയും ബിസിനസ്സ് സ്ഥാപനങ്ങളേയും കുടിയിറക്കേണ്ടി വരുമെന്നുമുള്ള പരാതിയിന്മേല് വിശദമായി വാദം കേട്ടാണ് ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ല എന്ന് ഹൈക്കോടതി്.
സംസ്ഥാനത്തെ റെയില്‍ യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ നേരിടുന്നതിനുമായാണ് സില്‍വര്‍ ലൈന്‍ പദ്ധതി ആവിഷ്കരിച്ചത് എന്നായിരുന്നു സംസ്ഥാനത്തിന്റെ എതിര്‍വാദം. ഇത് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം റിട്ട് ഹര്‍ജികള്‍ അസാധുവാണെന്നും നിലനില്‍ക്കുന്നതല്ലെന്നും ജസ്റ്റിസ് രാജ വിജയ രാഘവന് വി പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനം സ്വീകരിച്ച നയപരമായ തീരുമാനങ്ങളിലോ, അതിന് വേണ്ടുന്ന നടപടികളിലോ ഇടപടേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ല. സില്‍വര്‍ ലൈന്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ പദ്ധതിയാണ്. കേരളത്തില്‍ പ്രതി വര്‍ഷം വാഹനാപകടങ്ങളില്‍ 4000ത്തോളം പേര് കൊല്ലപ്പെടുന്നുവെന്നും 50000ത്തോളം മനുഷ്യര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റുന്നുണ്ടെന്നും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കേരളത്തിന്റെ വര്‍ധിച്ചു വരുന്ന യാത്രാവശ്യങ്ങള്‍ക്ക് അനുസരിച്ചു റോഡുകളും റെയില്‍ സൗകര്യവും ഒരുക്കാന്‍ കഴിയാതെ വരുന്ന ഒരു സാഹചര്യത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് ഹൈക്കോടതി വിധിന്യായത്തില്‍ പറയുന്നു
പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയായ കേരള റെയില്‍ വികസന കോര്പ്പറേഷന് ലിമിറ്റഡിന് നിക്ഷേപത്തിനു മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് തത്വത്തില്‍ അംഗീകാരം (ഐപിഎ) നല്‍കിയിട്ടുണ്ട്. അതില്‍ ഭൂമി ഏറ്റെടുക്കല്‍, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നിര്‍മ്മാണം, അതിര്‍ത്തി മതില് നിര്‍മ്മാണം, അനുബന്ധ റോഡുകളുടെ നിര്‍മ്മാണവും വികസനവും, സൈറ്റ് ഓഫീസുകള്‍, താല്‍ക്കാലിക നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടും. 100 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് മുന്‍പുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കമ്പനിക്ക് അനുമതിയും ലഭിച്ചിട്ടുണ്ട്. നീതി ആയോഗും റെയില്‍വേയും പദ്ധതിയില്‍ ചില എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. അവയൊക്കെ പ്രാഥമിക എതിര്‍പ്പുകളാണ്. അത് പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാനത്തോടും കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ 2013 നിയമം അനുസരിച്ചു ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും ഉള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുമെന്ന സംസ്ഥാനത്തിന്റെ മറുപടിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭൂമിയിന്മേല് ഉള്ള നഷ്ടപരിഹാരം, പുനരധിവാസം, പുനസ്ഥാപനം എന്നിവ നിര്‍ണ്ണയിക്കുന്നതിനുള്ള വിപുലമായ വ്യവസ്ഥകള്‍ നിയമത്തില്‍ ഉണ്ട്. ഒരു സോഷ്യല്‍ ഇംപാക്റ്റ് അസസ്മെന്റ് (എസ്ഐഎ) നടത്തിയതിനുശേഷം മാത്രമേ നിര്‍ബന്ധിത ഏറ്റെടുക്കല്‍ പ്രക്രിയകള്‍ ഏറ്റെടുക്കാനാകൂ. അതും പൊതു പരാതികള്‍ കേട്ട ശേഷം മാത്രമാകും അത്തരം നടപടികള്‍.