BREAKING NEWSKERALALATEST

സിയറാ ലിയോണില്‍ നിന്ന് അന്‍വര്‍ തിരിച്ചെത്തുന്നു… ആരോപണത്തിനു മറുപടിയുമായി

മലപ്പുറം: ഏറെ അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഈ ആഴ്ച തന്നെ തിരിച്ചെത്തും. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. ആരോപണങ്ങള്‍ക്കടക്കം എല്ലാത്തിനും അന്‍വര്‍ തിരിച്ചെത്തിയ ശേഷം മറുപടി നല്‍കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. പാര്‍ട്ടി സംസ്ഥാനപ്രാദേശിക നേതാക്കളുമായി അന്‍വര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് പ്രതികരിച്ചത്.
ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. എതിരാളികള്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് വഴി വിദേശത്തുനിന്ന് തന്നെ മറുപടി നല്‍കുകയാണ് എം.എല്‍.എ. ചെയ്തത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വര്‍ മണ്ഡലത്തില്‍ തിരിച്ചെത്താത്തത് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയതോടെ സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരുന്നു.
സി.പി.എം. സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ച് ജയിച്ച പി.വി. അന്‍വര്‍ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. കോണ്‍ഗ്രസ്സിലെ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്പൂര്‍ നിയമസഭാ സീറ്റ് അന്‍വര്‍ പിടിച്ചെടുത്തത്. 87 മുതല്‍ 2011 വരെ കാല്‍ നൂറ്റാണ്ട് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി ജയിച്ചു വന്ന മണ്ഡലത്തിലെ തോല്‍വി പാര്‍ട്ടിയെ ഞെട്ടിക്കുന്നതായിരുന്നു.
ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. അതുകൊണ്ടുതന്നെ അന്‍വറിനെതിരേ കിട്ടാവുന്ന എല്ലാ ആയുധങ്ങളും കോണ്‍ഗ്രസ് പ്രയോഗിക്കുന്നുമുണ്ട്. രണ്ടുമാസത്തിലേറെയായി മണ്ഡലത്തിലില്ലാത്ത എം.എല്‍.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കുക പോലുമുണ്ടായി.
എന്നാല്‍ താന്‍ സിയറാ ലിയോണില്‍ സ്വതന്ത്രനാണെന്നും ബിസിനസ്സാവശ്യാര്‍ത്ഥം എത്തിയതാണെന്നും കാണിച്ച് എം.എല്‍.എ. സമൂഹമാധ്യമങ്ങളില്‍ വീഡിയോ സന്ദേശം അയച്ചിരുന്നു. നിലമ്പൂരില്‍ വീണ്ടും പി.വി.അന്‍വര്‍ മത്സരത്തിനിറങ്ങാനാണ് സാധ്യത. ഷൗക്കത്തിന് വീണ്ടും സീറ്റ് നല്‍കണമെന്ന് ആര്യാടന്‍ മുഹമ്മദ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button