BREAKING NEWSLATESTNATIONAL

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് അവസാനിപ്പിക്കണം: ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ അകറ്റിനിര്‍ത്തുന്നതിനെതിരെ നിര്‍ണായകമായ നിര്‍ദേശങ്ങളുമായി ഗുജറാത്ത് ഹൈക്കോടതി. കച്ചിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68 പെണ്‍കുട്ടികളെ കോളേജിലെ റസ്റ്റ്‌റൂമില്‍ വെച്ച് ആര്‍ത്തവമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വിവസ്ത്രരാക്കി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പ്രസക്തമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ നിര്‍ജാരി സിന്‍ഹയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയുടെ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാവും എന്ന കാര്യത്തില്‍ സംശയമില്ല.
ഒന്‍പത് നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാലയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രധാനമായും ആര്‍ത്തവത്തെ തുടര്‍ന്ന് പൊതുസ്ഥലങ്ങളിലോ സ്വകാര്യസ്ഥലങ്ങളിലോ മതപരമോ വിദ്യാഭ്യാസപരമോ ആയ ഇടങ്ങളിലോ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ളതാണ്. ഇത്തരത്തില്‍ വിവേചനപൂര്‍ണമായ രീതികള്‍ എല്ലാ സ്ഥാപനങ്ങളിലും കര്‍ശനമായി വിലക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു.
അടിക്കടി മിന്നല്‍ പരിശോധനകള്‍ നടത്തിയും വ്യക്തമായ ചട്ടങ്ങള്‍ രൂപീകരിച്ചും കൃത്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുകൊണ്ടും അതുറപ്പുവരുത്താന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിയണം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയമായി നടപ്പില്‍ വരുത്താനല്ല ആഗ്രഹിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവയെ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ പ്രതികരണം കോടതി ആരാഞ്ഞിട്ടുണ്ട്.
പൗരസമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന സാമൂഹ്യ വിവേചനത്തെക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അതോടൊപ്പം പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവകാലത്തെ ആരോഗ്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കാന്‍ വേണ്ട നടപടികളും സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നു. പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍ പ്രചരണങ്ങളിലൂടെയും സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമായി ഇത്തരം വിഷയങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ജനപ്രിയ മാധ്യമങ്ങളിലൂടെയും ബോധവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ നടത്താവുന്നതാണ്.
”പെണ്‍കുട്ടികള്‍ പലപ്പോഴും ആര്‍ത്തവത്തെക്കുറിച്ചുള്ള പരിമിതമായ ധാരണയോടെയാണ് വളരുന്നത്. അവരുടെ അമ്മമാരും മറ്റു മുതിര്‍ന്നവരും ഈ വിഷയത്തെക്കുറിച്ച് അവരോട് തുറന്നു ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് ഇതിന് കാരണം. മുതിര്‍ന്ന സ്ത്രീകള്‍ക്ക് ഈ ജൈവപ്രക്രിയയെക്കുറിച്ചുള്ള ശരിയായ വസ്തുതകളോ ശുചിത്വം പാലിക്കുന്നതിനുള്ള രീതികളോ അറിയണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടുതന്നെ പരമ്പരാഗതമായി തുടരുന്ന തെറ്റായ ധാരണകളും രീതികളും അവര്‍ പെണ്‍കുട്ടികള്‍ക്കും പകര്‍ന്നു നല്‍കുന്നു. കമ്മ്യൂണിറ്റികള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ ഇതിന് വലിയ മാറ്റം കൊണ്ടുവരും. ആര്‍ത്തവസംബന്ധമായ ശരിയായ അവബോധം സ്‌കൂള്‍ അധ്യാപകര്‍ക്കും നല്‍കേണ്ടതുണ്ട്”, കോടതി നിരീക്ഷിക്കുന്നു.
ആര്‍ത്തവവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ കാഴ്ചപ്പാടുകളെയും അതിന്റെ ഭാഗമായി സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തെയും കോടതി തിരിച്ചറിയുകയും ഇതിന് മാറ്റം വരുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു എന്നത് സ്ത്രീസമൂഹത്തെ സംബന്ധിച്ച് വളരെയധികം പ്രത്യാശ നല്‍കുന്ന കാര്യമാണ്. ആര്‍ത്തവത്തെ മുന്‍നിര്‍ത്തിയുള്ള വിവേചനകളെക്കുറിച്ച് രാജ്യത്തുടനീളം ഒരുപാട് ചര്‍ച്ചകള്‍ നാടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കോടതി ഇക്കാര്യം പരിഗണിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker