KERALABREAKING NEWSLATEST

പത്രികയിലെ അപാകം പരിഹരിക്കാന്‍ അവസരം നല്‍കാത്തത് അന്യായം, പക്ഷേ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി

കൊച്ചി: തലശ്ശേരിയിലെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള ഫോറത്തിലെ അപാകം പരിഹരിക്കാന്‍ അവസരം നല്‍കാത്തത് അന്യായമാണെന്ന് കോടതി വിലയിരുത്തി. ഫോറം എയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതിന്റെ പേരിലായിരുന്നു റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയത്. ഒപ്പിട്ട് നല്‍കാന്‍ ഫോറം തിരികെനല്‍കാന്‍ അവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. സൂക്ഷ്മപരിശോധനാ ദിവസം ദേശീയ അധ്യക്ഷന്‍ ഒപ്പിട്ട ഫോറം നനല്‍കിയിട്ടും പത്രിക തള്ളുകയായിരുന്നെന്ന ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ വിലയിരുത്തല്‍.
ദേവികുളം സ്ഥാനാര്‍ഥി ഫോറം 26ല്‍ നല്‍കിയ സത്യവാങ്മൂലം പഴയ ഫോര്‍മാറ്റിലാണെന്നതിന്റെ പേരില്‍ തള്ളിയപ്പോള്‍ ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലത്തിലെ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികള്‍ ഇതേ ഫോര്‍മാറ്റില്‍ നല്‍കിയിട്ടും സ്വീകരിച്ചെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതു ശരിയാണെങ്കില്‍ വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചു. റിട്ടേണിങ് ഓഫീസര്‍മാരുടെ പക്ഷപാതസമീപനമാണ് ഇതില്‍ നിഴലിക്കുന്നത്.
ഇങ്ങനെയാണെങ്കിലും കോടതിക്ക് തിരഞ്ഞെടുപ്പ് നടപടികളില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി വിലയിരുത്തി. തിരഞ്ഞെടുപ്പിനെതന്നെ ബാധിക്കുന്ന നടപടിയുണ്ടായാലേ കോടതിയുടെ ഇടപെടലുണ്ടാകാവൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നാമനിര്‍ദേശ പത്രിക തള്ളുകയോ സ്വീകരിക്കുകയോ ചെയ്തതിനെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ചോദ്യംചെയ്യാനാകില്ല. നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ഇടപെടുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി.
ദേവികുളം, വടകര, പിറവം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനെതിരേ കോടതിയെ സമീപിച്ചത്.

Related Articles

Back to top button