BREAKING NEWSKERALALATEST

അന്വേഷണ ഏജന്‍സികള്‍ ഏറ്റുമുട്ടുമ്പോള്‍ ഖജനാവിനു നഷ്ടം കോടികള്‍

കൊച്ചി: കേന്ദ്രസംസ്ഥാന അന്വേഷണ ഏജന്‍സികള്‍തമ്മിലുള്ള തര്‍ക്കങ്ങള്‍ ദീര്‍ഘനാള്‍ നീളുന്ന നിയമയുദ്ധത്തിലേക്ക് വഴിതുറക്കുകയാണ്. അതിലൂടെ കോടിക്കണക്കിന് രൂപ പൊതുഖജനാവിന് നഷ്ടമാകുന്നു. നയതന്ത്രബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടര്‍ച്ചയായ സംഭവങ്ങളാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയത്.
രാഷ്ട്രീയ ഏറ്റുമുട്ടലിനായി അന്വേഷണ ഏജന്‍സിയേയും നിയമസംവിധാനത്തെയും ഉപയോഗിക്കുമ്പോള്‍ ഇവയില്‍ പൊതുസമൂഹത്തിനുള്ള വിശ്വാസംത്തന്നെ നഷ്ടമാകുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ കാളീശ്വരം രാജ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ രാജ്യനിര്‍മാണ പ്രക്രിയയെപോലും പിന്നോട്ടോടിക്കുമെന്ന് അഭിഭാഷകനായ എം.ആര്‍. അഭിലാഷ് അഭിപ്രായപ്പെട്ടു.
ബി.എസ്.എഫ്. മുന്‍മേധാവിയായിരുന്ന പ്രകാശ് സിങ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രിംകോടതി 2006ലെ സുപ്രധാനമായ ഉത്തരവിലൂടെ അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ക്രമസമാധാനച്ചുമതലയുള്ള പോലീസിനും കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന്, ആയുധ കള്ളക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നായിരുന്നു സുപ്രിംകോടതി അന്ന് വ്യക്തമാക്കിയത്. പക്ഷെ ഇതൊന്നും നടപ്പാക്കപ്പെടുന്നില്ലെന്നതാണ് രാഷ്ട്രീയമായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കാന്‍ കാരണമാകുന്നതെന്ന് കാളീശ്വരം രാജ് പറഞ്ഞു.
എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റും ക്രൈംബ്രാഞ്ചും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കായി രാജ്യത്തെതന്നെ ഏറ്റവുംമുതിര്‍ന്ന അഭിഭാഷകരാണ് ഹാജരാകുന്നത്. ഇത്തരത്തില്‍ത്തന്നെ കോടിക്കണക്കിന് രൂപയാണ് പൊതുഖജനാവിന് നഷ്ടമാകുന്നത്.
നിയമപരമായി അനുവദിച്ച ചട്ടക്കൂടിനുള്ളില്‍ ഓരോ ഏജന്‍സികളെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണിത്.

Related Articles

Back to top button