BREAKING NEWSKERALALATEST

‘സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; പൂര്‍ണമായി വെളിപ്പെടുത്താനാവില്ല’; ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി: സന്ദീപ് നായരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. സന്ദീപ് നായരില്‍ നിന്നു ലഭിച്ച മൊഴിയില്‍ ഞെട്ടിക്കുന്ന വസ്തുതകളാണുള്ളത്. ഇത് പൂര്‍ണമായി വെളിപ്പെടുത്തുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ നല്‍കാമെന്നും കോടതിയെ അറിയിച്ചു.
അന്വേഷണത്തിനെതിരായ ഇഡിയുടെ ഹര്‍ജി തള്ളണമെന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉയര്‍ത്തിയത്. ഹര്‍ജിയില്‍ പ്രസക്തമല്ലാത്ത രേഖകള്‍ നല്‍കിയതില്‍ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാണ്. അതേസമയം ഇഡിക്കെതിരെ കേസ് എടുത്തതില്‍ ക്രൈംബ്രാഞ്ചിന് ഗൂഢ ലക്ഷ്യമില്ല. അന്വേഷണത്തിന്റെ മറവില്‍ കേസുമായി ബന്ധമില്ലാത്തവര്‍ക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വാദിച്ചു.
ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചു എന്നുകാണിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയിലില്‍ നിന്നു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകന്‍ സുനില്‍കുമാര്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സന്ദീപിനെ ചോദ്യം ചെയ്യുന്നതിന് സംസ്ഥാന പൊലീസിനെ അനുവദിച്ച് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തവിനെതിരെയും ഇഡി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button