BREAKING NEWSKERALALATEST

വക്കീല്‍ ഫീസായി പിണറായി സര്‍ക്കാര്‍ നല്‍കിയത് 17.87 കോടി

കൊച്ചി: രാഷ്ട്രീയപ്പോര് കോടതിയിലെ നിയമപോരാട്ടം കൂടിയായതോടെ ഖജനാവില്‍നിന്ന് വക്കീല്‍ ഫീസായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ഓരോ സര്‍ക്കാരിന്റെ കാലത്തും കൂടുകയാണ്. മാര്‍ച്ച് നാലുവരെയുള്ള കണക്കുപ്രകാരം പിണറായി സര്‍ക്കാര്‍ 17,86,89,823 രൂപയാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താന്‍ പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കു നല്‍കിയത്.
ലൈഫ് മിഷന്‍ കേസ്, ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. എടുത്ത സംഭവം, ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകളിലും സര്‍ക്കാരിനായി സുപ്രീംകോടതി അഭിഭാഷകരാണ് ഹാജരായത്. ഇവര്‍ക്കു നല്‍കിയ തുകയെക്കുറിച്ചുള്ള വിവരം ഉള്‍പ്പെടുത്താത്ത കണക്കാണിത്.
പിണറായി സര്‍ക്കാരിനു മുമ്പ് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും കേസ് നടത്താന്‍ ഖജനാവില്‍നിന്ന് വന്‍ തുക ചെലവിട്ടു. 12,17,51,220 രൂപയാണ് അവര്‍ ചെലവഴിച്ചത്.
നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള 137 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് കോടികള്‍ മുടക്കി പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടുന്നത്. അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ശന്പളം നല്‍കാന്‍ മാസം 1.54 കോടിയാണു ചെലവഴിക്കുന്നത്.
സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം നല്‍കുന്നതിനെതിരായ കേസ് നടത്താന്‍ 19 ലക്ഷം രൂപ ചെലവഴിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ 20.90 ലക്ഷം രൂപ ചെലവഴിച്ചു. പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 8.25 ലക്ഷം രൂപയും ചെലവഴിച്ചു.
ഹൈക്കോടതിയില്‍ കേസ് വാദിക്കാനായി കൊണ്ടുവന്ന അഭിഭാഷകര്‍ക്ക് വിമാനയാത്രാക്കൂലി ഇനത്തില്‍ 25.55 ലക്ഷവും താമസസൗകര്യത്തിനായി 10.57 ലക്ഷവും ചെലവഴിച്ചു. പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റും എറണാകുളം സ്വദേശിയുമായ എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
സോളാര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാനാണ് വക്കീല്‍ ഫീസായി പിണറായി സര്‍ക്കാര്‍ ഏറ്റവുമധികം പണം ചെലവഴിച്ചത് 1.20 കോടി. സുപ്രീംകോടതി അഭിഭാഷകനായ രഞ്ജിത് കുമാര്‍ അടക്കമുള്ളവര്‍ ഈ കേസില്‍ സര്‍ക്കാരിനായി ഹാജരായി.
കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിര്‍ക്കാന്‍ സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ 98.81 ലക്ഷം രൂപ ചെലവഴിച്ചു.

Related Articles

Back to top button