ന്യൂഡല്‍ഹി: ഇ.പി.എഫ്. അംഗങ്ങള്‍ക്ക് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷനു വഴിവെച്ച കേരള ഹൈക്കോടതിയുടെ വിധി ഏകപക്ഷീയമായി (മറ്റുകക്ഷികളെ കേള്‍ക്കാതെതന്നെ) സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസ് 21 മാസത്തിനുശേഷം തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഉയര്‍ന്ന പെന്ഷന് പ്രായോഗികമല്ലെന്ന് വ്യക്തമാക്കി തൊഴില്‍മന്ത്രാലയം പുതിയ അപേക്ഷ നല്‍കിയത്. അധികരേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടിയിട്ടുമുണ്ട്.
2018 ഒക്ടോബര്‍ 12നാണ് ശമ്പളത്തിന് ആനുപാതികമായി പെന്ഷന് ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയില്‍നിന്നുണ്ടായത്. ഇ.പി.എസിലേക്കുള്ള (എംപ്ലോയീസ് പെന്ഷന് സ്കീം) തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളഞ്ഞു. ഇതോടെ മുഴുവന്‍ ശമ്പളത്തിനും ആനുപാതികമായി ഉയര്‍ന്ന പെന്ഷന് സാധ്യമാക്കുന്നതായിരുന്നു വിധി. സുപ്രീംകോടതി 2019 ഏപ്രില്‍ ഒന്നിന് ഈ വിധി ശരിവെച്ചു. ഇതിനെതിരേ ഇ.പി.എഫ്.ഒ. നല്കിയ പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ ലക്ഷ്യമിട്ടാണ് 15,000 രൂപയുടെ പരിധി നിശ്ചയിച്ചതെന്ന് കേന്ദ്രത്തിന്റെ പുതിയ അപേക്ഷയില്‍ പറയുന്നു. ഈ പരിധി എടുത്തുകളയുന്ന വിധി നടപ്പാക്കിയാല്‍ ഇ.പി.എസിന് 15,28,519.47 കോടി രൂപയുടെ കമ്മിയുണ്ടാകും. ഹൈക്കോടതിയുടെ വിധി വന്നശേഷം 839.76 കോടി രൂപ ഇ.പി.എഫ്.ഒ.യ്ക്ക് നല്‍കേണ്ടിവന്നു.
തൊഴില്‍മന്ത്രാലയത്തിന്റെ അപ്പീല്‍ സുപ്രീംകോടതി ശരിവെച്ചാല്‍, വര്‍ധിച്ച പെന്ഷന് തിരിച്ചുപിടിക്കല്‍ സാധ്യമാവില്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. വിധികാരണം 50 മടങ്ങ് വരെയാണ് പെന്ഷന് വര്‍ധിച്ചത്. അസാധാരണമായി വര്‍ധിക്കുന്ന ഈ തുക ഒരാളുടെ സൂപ്പറാന്വേഷന്റെ കാലയളവില്‍ തിരിച്ചുപിടിക്കുക സാധ്യമല്ല. അതിനാല്‍, വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് തൊഴില്‍മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സമീര്‍ കുമാര്‍ ദാസ് നല്കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിവിധിക്കെതിരേ തൊഴില്‍മന്ത്രാലയത്തിന്റെ അപ്പീലും ഹൈക്കോടതിവിധി ശരിവെച്ച സുപ്രീംകോടതിവിധിക്കെതിരേ ഇ.പി.എഫ്.ഒ.യുടെ പുനഃപരിശോധനാ ഹര്‍ജിയും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച പരിഗണിക്കുക. ഹൈക്കോടതികളും സുപ്രീംകോടതിയും തൊഴിലാളികള്‍ക്ക് അനുകൂലമായി വിധിച്ചിട്ടും അപ്പീലും പുനഃപരിശോധനാ ഹര്‍ജിയും നിലനില്ക്കുന്നുവെന്നുകാട്ടി ഇ.പി.എഫ്.ഒ. തൊഴിലാളികള്‍ക്ക് ഉയര്‍ന്ന പെന്ഷന് ഇപ്പോള്‍ നിഷേധിക്കുകയാണ്.