ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ വന്ന 2 മാറ്റങ്ങളാണ് കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു. വ്യാപനം തടയണമെങ്കില്‍, വൈറസ് വന്ന വഴികള്‍ മനസ്സിലാക്കാനും സമ്പര്‍ക്കം കണ്ടെത്താനും നടപടികള്‍ വേണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ശേഖരിച്ച വൈറസ് സാംപിളുകളില്‍ 99.4 ശതമാനത്തില്‍ കണ്ടെത്തിയ ജനിതക മാറ്റത്തെ ഡി614ജി എന്നാണ് വിളിക്കുന്നത്. എല്‍5എഫ് എന്നു പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റവും ദൃശ്യമായി. ജനിതക ഘടനയില്‍ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരിടല്‍.
കൊറോണ വൈറസുകളിലെ യൂറോപ്യന്‍ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടു നിന്നുള്ള സാംപിളുകളില്‍ വ്യക്തമായത്. എ2എ ഗണം വൈറസിനെ നിര്‍വചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്പൈക്) പ്രോട്ടീനിലാണ് (മാംസ്യം).
സ്പൈക് പ്രോട്ടീന്‍, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്. ഈ പിടത്തത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതാണ് കേരളത്തില്‍ കണ്ടെത്തിയ 2 ജനിതക മാറ്റങ്ങളും. അതുകൊണ്ടാണ്, ഈ മാറ്റങ്ങള്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നു വിലയിരുത്തുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്തുന്നത് ഏഴുമാസം പിടിച്ചു നിര്‍ത്തിയ കേരളത്തിന് ഇനിയുള്ള വെല്ലുവിളി ഇപ്പോഴത്തെ ഞെട്ടിക്കുന്ന വേഗത്തിലുള്ള വൈറസ് വ്യാപനമാണ്. ആഗസ്ത് 19 ന് 50,000 തികഞ്ഞ രോഗികളുടെ എണ്ണം പിന്നീട് വെറും മൂന്നാഴ്ച കൊണ്ടാണ് ഒരു ലക്ഷം കടന്നത്. കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപന ആശങ്കക്ക് പുറമെ, വെന്റിലേറ്ററുകള്‍ക്ക് അടക്കം ക്ഷാമം ഉണ്ടായെക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പും ഈ പശ്ചാത്തലത്തിലാണ്.
ജനുവരി 30ന് ഇന്ത്യയിലെ തന്നെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതില്‍ തുടങ്ങി 3 ഘട്ടങ്ങളും പിന്നിട്ട് കേരളം പൊരുതുന്നത് മരണനിരക്ക് പിടിച്ചു നിര്‍ത്തിയാണ്. 20 ലക്ഷത്തിലധികം പേരെ പരിശോധിച്ചു. 7 മാസം വിശ്രമമില്ലാത്ത പരിശോധന, നിരീക്ഷണം, സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍, ചികിത്സ നടപടികള്‍. രാജ്യത്തു ആദ്യമായി സമൂഹവ്യാപനവും കേരളം സ്ഥിരീകരിച്ചു. ആഗസ്ത് 19 നാണ് കേരളത്തില്‍ ആകെ രോഗികള്‍ 50,000 കടന്നത്. എന്നാല്‍ ഏഴു മാസത്തെയും മറികടന്ന കുതിപ്പുമായി പിന്നീട് 22 ദിവസം കൊണ്ട് രോഗികള്‍ ഒരു ലക്ഷവും കടന്നു.
മരണനിരക്കും മുകളിലേക്കാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ 116 മരണങ്ങളാണുണ്ടായത്. വ്യാപനം പൂര്‍ണമായി സമ്പര്‍ക്കത്തിലേക്ക് മാറുകയാണ് എന്നതാണ് അപകടം. കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍.
20,000 വരെ പ്രതിദിന കേസുകള്‍ വരും ആഴ്ചകളില്‍ ഉണ്ടാകാം എന്നാണ് മുന്നറിയിപ്പ്. റിവേഴ്സ് ക്വറന്റീന്‍ പാളുന്നതും പ്രായമായവരിലേക്ക് രോഗം പടരുന്നതും ആയ സാഹചര്യം ഉണ്ടാകുമോ എന്നതാണ് സര്‍ക്കാരിന്റെ ഉള്ളിലുള്ള ആശങ്ക. കൂടിയ ജനസാന്ദ്രതയും വെല്ലുവിളിയാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരില്‍ ഒന്നേകാല്‍ ശതമാനത്തോളം ആളുകള്‍ ആണ് വെന്റിലേറ്റര്‍, ഐസിയു എന്നിവയില്‍ ഉള്ളത്. 20,000 വരെ പ്രതിദിന കേസുകള്‍ ആവുന്നതോടെ ഇതേ തോതില്‍ വന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറയും എന്നുറപ്പ്. വ്യാപനം പരമാവധി വൈകിപ്പിച്ചു പിടിച്ചു നില്ക്കുക എന്നത് തന്നെയാകും കേരളം തുടരാന്‍ പോകുന്ന രീതി. ഇതിനിടയില്‍ വരുന്ന ഇളവുകള്‍ എങ്ങനെ സ്വീകരിക്കപ്പെടും, നിയന്ത്രണങ്ങള്‍ എത്രത്തോളം പാലിക്കപ്പെടും എന്നത് ആകും നിര്‍ണായകമാവുക.