ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതിനിടെ മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ കൂടുതലായി കാണുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഈ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ശനിയാഴ്ച നടക്കും. സജീവ കോവിഡ് കേസുകള്‍ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ ഒന്‍പതും മാഹാരാഷ്ട്രയിലാണ്. പുണെ, നാഗ്പുര്‍, മുംബൈ, താനെ, നാസിക്, ഔറംഗബാദ്, നന്ദേത്, ജാലഗോണ്‍, അകോല എന്നിവയാണ് ഒന്‍പത് ജില്ലകള്‍. കര്‍ണാടകയിലെ ബെംഗളൂരു അര്‍ബനാണ് പത്താമത്തെ ജില്ലയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവരുടെ കാര്യം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 ശതമാനവും 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഈ വിഭാഗക്കാരിലെ മരണനിരക്ക് 2.85 ശതമാനമാണ്. ഈ കാരണത്താലാണ് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് കുത്തിവെപ്പ് തുടങ്ങാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
അതിനിടെ പ്രായം മാനദണ്ഡമാക്കി വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ലോകാരോഗ്യ സംഘടനതന്നെ അംഗീകരിച്ചതാണെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ ചൂണ്ടിക്കാട്ടി. ആവശ്യമുള്ള വാക്സിന് രാജ്യത്ത് ലഭ്യമാണ്. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസത്തെയും സ്ഥിതിഗതികള്‍ കേന്ദ്രം വിലയിരുത്തുന്നുണ്ട്. വാക്സിനേഷന് പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഇനിയും അവസരമുണ്ട്. നിലവില്‍ 5425 സ്വകാര്യ കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്. എന്നാല്‍ വാക്സിനേഷന് നടത്തുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ എണ്ണം 34,481 ആണ്. ഏപ്രില്‍ മുതല്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഇനിയും വര്‍ധിപ്പിക്കുമെന്നും വി.കെ പോള്‍ വ്യക്തമാക്കി.