കൊച്ചി: സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സമ്പര്‍ക്ക രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊച്ചി കാളമുക്ക്, ഫോര്‍ട്ട് കൊച്ചി മാര്‍ക്കറ്റുകള്‍ അടയ്ക്കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം ചുരുക്കി. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവയില്‍ സമ്പര്‍ക്ക വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 13 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്. ഇതിന് പുറമേ 8,21 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോവിഡ് ലക്ഷണമുളളവര്‍ക്ക് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കുളള സൗകര്യം ഒരുക്കുമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ സാമൂഹിക വ്യാപനമില്ല. എങ്കിലും ജാഗ്രത തുടരണം. സാമൂഹിക വ്യാപനം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളാണ് മുന്‍കരുതലിന്റെ ഭാഗമായി ഇപ്പോള്‍ കൈക്കൊളളുന്നതെന്നും മന്ത്രി പറഞ്ഞു.