ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയർന്നു. ഒറ്റദിവസത്തിനിടെ 87000ത്തിലധികം പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ രോഗമുക്തി നേടിയ ദിവസവും ഇത് തന്നെയാണ്.
നിലവിൽ രാജ്യത്തെ സജീവ കോവിഡ് കേസുകൾ 10,17,754 ആണ്. 41,12,552 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ കണക്കിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതാണ് ആശ്വാസം പകരുന്ന കാര്യം. 84.5% ആണ് രോഗമുക്തി നിരക്ക്.
അതേസമയം രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 60% റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമായാണ്. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മഹാരാഷ്ട്രയിൽ ഇതുവരെ 11,45,840 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 31351 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ 84,372 പേരാണ് മരണത്തിന് കീഴടങ്ങിയത്.