തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു; ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. തീരദേശ മേഖലയിലെ കൊവിഡ് രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മലയോര ഗ്രാമ മേഖലയില്‍ കള്ളിക്കാട് ഉള്‍പ്പെടെയുള്ള പ്രദേശത്ത് നിന്ന് നിരവധി കൊവിഡ് പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്കാണ് കള്ളിക്കാട് പഞ്ചായത്തില്‍ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇവരുടെ സമ്പര്‍ക്കപട്ടിക അതിവിപുലവുമാണ്. കള്ളിക്കാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡും ജില്ലാ കളക്ടര്‍ നവ് ജ്യോത് ഖോസെ ഇതിനോടകം ക്ലസ്റ്ററായി പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം, ശ്രീചിത്രയില്‍ വീണ്ടും ഒരു ഡോക്ടര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗിയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

എന്നാല്‍, ജില്ലയില്‍ നിന്ന് ഉയര്‍ന്നു വന്ന അശുഭകരമായ വാര്‍ത്തകളില്‍ ഒന്നാണ് ഇതര സംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് എത്തിയ കിളിമാനൂര്‍ സ്വദേശിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട്ടില്‍ കയറ്റാതെ ഇറക്കിവിട്ടത്. ഇന്നലെ വൈകുന്നേരം ബാംഗ്ലൂരുവില്‍ നിന്ന് നേത്രാവതിയിലാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

അധികൃതരോട് വീട്ടില്‍ നിരീക്ഷണത്തില്‍ പോകാമെന്ന് സമ്മതിച്ച ഇദ്ദേഹം നാട്ടിലെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹം തിരികെ റെയില്‍വേ സ്റ്റേഷനില്‍ കഴിച്ചു കൂട്ടുകയായിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ഡ്യൂട്ടിക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നീരീക്ഷണ കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു.