BREAKING NEWSKERALA

കോവിഡ് രോഗിക്ക് കൂട്ടിരിപ്പുകാര്‍; ആശ്വാസമോ ആശങ്കയോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായതിനുശേഷം ഇപ്പോള്‍ കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ ഒരേസമയം ആശങ്കയും ആശ്വാസവും ഉയരുന്നുണ്ട്. കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പൂവാലശല്യമുണ്ടായതും കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ടതും എല്ലാം ജനങ്ങളില്‍ സംശയവും വിശ്വാസക്കുറവും ഉണ്ടാക്കിയതായിരുന്നു. പക്ഷെ ഈ തീരുമാനമുണ്ടായതോടെ അതെല്ലാമൊഴിയുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടതെല്ലാം നമുക്ക് തന്നെ ചെയ്തുകൊടുക്കാം. മാത്രമല്ല ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനഭാരവും കുറയും. രോഗികളുടെ കാര്യങ്ങള്‍ ഒരുപരിധിവരെ കൂട്ടിരിപ്പുകാര്‍ നോക്കുമ്പോള്‍ മറ്റു കാര്യങ്ങളിലേക്കും അവരുടെ ശ്രദ്ധ ചെല്ലും.
ഇതിനൊപ്പം ആശങ്കകളും ഉയരുന്നുണ്ട്. ഒന്നാമത്തേത് ആരോഗ്യമുള്ള ഒരാള്‍ ആയിരിക്കണം കൂട്ടിരിപ്പുകാര്‍ എന്ന നിര്‍ദ്ദേശമാണ്. കൃത്യമായി മാസ്‌കുവയ്ക്കാന്‍ മടിയുള്ള നമ്മുടെ നാട്ടുകാര്‍ ഇതു പാലിക്കുമെന്ന് എന്തുറപ്പുണ്ട്. ബന്ധുക്കള്‍ തയ്യാറാകും എന്നതിന് എന്ത് ഉറപ്പാണുള്ളത്.
കോവിഡ് രോഗികളോട് വിവേചനം ചെയ്യരുത് എന്ന് സര്‍ക്കാര്‍ പലരീതിയില്‍ പലഭാവത്തില്‍ പറഞ്ഞിട്ടും മനസ്സിലാകാതെ രോഗികളോട് വിവേചനം കാണിക്കുന്നതായാണ് കാണുന്നത്. അപ്പോള്‍ കൂട്ടിരിപ്പുകാരെ കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പുപറയാനാകില്ല. കൂട്ടിരിപ്പുകാര്‍ക്ക് പിപിഇ കിറ്റ് നല്‍കുമെന്നാണ് പറയുന്നത്. പക്ഷെ അത് ധരിച്ച് മണിക്കൂറുകളോളം ചിലവഴിക്കാന്‍ അവര്‍ തയ്യാറാകണമെന്നുണ്ടോ. ഇത്രയധികം പിപിഇ കിറ്റ് നല്‍കാന്‍ സര്‍ക്കാരിനുണ്ടാകുന്ന ബുദ്ധിമൂട്ടും പരിഗണിക്കണം. കോവിഡ് രോഗമുക്തി നേടി ഒരുമാസമായവര്‍ക്കും കൂട്ടിരിപ്പുകാരാകാം. പക്ഷെ ഇതിന് എത്രപേര്‍ തയ്യാറാകുമെന്നത് ആലോചിക്കേണ്ട വസ്തുതയാണ്.

Related Articles

Back to top button