BREAKING NEWSHEALTHLATESTNATIONAL

കൊവിഡിനെ തുരത്താന്‍ നൈട്രിക് ഓക്‌സൈഡ് ഗുണകരമയേക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നിരിക്കേ വൈറസ് ബാധിതരുടെ ചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലുമായി ഒരു സംഘം ഗവേഷകര്‍. സ്വീഡനിലെ ഉപ്‌സല സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ ഒരു പഠനത്തിലാണ് കൊവിഡ് 19 ചികിത്സയില്‍ നൈട്രിക് ഓക്‌സൈഡ് ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ രംഗത്തെത്തിയത്.
വൈറസ് ബാധിതര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനും ഒപ്പം നോവല്‍ കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കാനും നൈട്രിക് ഓക്‌സൈഡിന് കഴിയുമെന്നാണ് ചെറിയൊരു ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മനസ്സിലായതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. നൈട്രിക് ഓക്‌സൈഡ് ശ്വസിച്ചാല്‍ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന കോശങ്ങളെ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേപിപ്പിക്കുമെന്നാണ് ഗവേഷകരുടെ വാദം. ഇതുവഴി ശരീരത്തില്‍ വൈറസ് ബാധ കുറച്ചു നിര്‍ത്താന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.
നൈട്രജന്റെ ഒരു ഓക്‌സൈഡായ നൈട്രിക് ഓക്‌സൈഡിന് രക്തത്തില്‍ കലരാന്‍ കഴിയുമെന്നും ഇതിന് പല ചികിത്സകളിലും ഉപയോഗിക്കാന്‍ കഴിയുമെന്നും മുന്‍പും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ അണുബാധ കുറയ്ക്കാന്‍ നൈട്രിക് ഓക്‌സൈഡിന് കഴിവുണ്ടെന്നാണ് നേരത്തെ കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമെയാണ് കൊവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ വൈറസിന് കഴിവുണ്ടെന്നതിന് നേരിട്ട് തെളിവുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഗുരുതരമായ തരത്തില്‍ കൊവിഡ് 19 ബാധിച്ചവരില്‍ നൈട്രിക് ഓക്‌സൈഡ് ചികിത്സയ്ക്ക് ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സാര്‍സ് രോഗത്തിനു കാരണമായ കൊറോണ വൈറസ് സംബന്ധിച്ച് 2005ല്‍ നടത്തിയ ഒരു പഠനത്തില്‍ നടത്തിയ കണ്ടെത്തലും ഗവേഷകര്‍ എടുത്തു പറയുന്നുണ്ട്. കൊവിഡ് 19നു പുറമെ മറ്റു കൊറോണ വൈറസുകള്‍ക്കെതിരെയും നൈട്രിക് ഓക്‌സൈഡ് ഉപയോഗിക്കാമെന്നാണ് ഇവരുടെ വാദം.
രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവുള്ള രോഗികള്‍ക്ക് നൈട്രിക് ഓക്‌സൈഡ് ഫലപ്രദമാണെന്നും മറ്റു പഠനം പുറത്തു വന്നിരുന്നു. ഇതുകൂടാതെ ഹെര്‍പ്പസ് വൈറസ്, ഹാന്റാവൈറസ്, കോക്‌സക്കിവൈറസ് തുടങ്ങിയവയ്‌ക്കെതിരെയും നൈട്രിക് ഓക്‌സൈഡ് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Related Articles

Back to top button