KERALALATEST

കോവിഡ്: കേരളത്തില്‍ മരിച്ചവരിലേറെയും മറ്റു ഗുരുതര രോഗം ബാധിച്ചവരെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നവരാണെന്നും 2019നെ അപേക്ഷിച്ച് കോവിഡ് സാഹചര്യത്തിലും കേരളത്തില്‍ മരണനിരക്ക് കുറവാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കൂടാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനസാന്ദ്രതയും ജീവിതശൈലീ രോഗങ്ങളും പ്രായമേറിയവരുടെ എണ്ണക്കൂടുതലുമാണ് ഇതിന് അടിസ്ഥാനമായി പറയുന്നത്. മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യമാണ്. ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കണം. ഇതിനായി മെഡിക്കല്‍ കോളേജുകളില്‍ ടെലി മെഡിസിന്‍ സംവിധാനം ഒരുക്കും.
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപന തോത് നവംബര്‍ മാസത്തോടെ കേരളത്തില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാട്ടുന്നുണ്ടെങ്കിലും വൈറസ് പകര്‍ച്ച ഉണ്ടാവുമെന്ന മുന്‍കരുതലോടുകൂടി തന്നെയാണ് ആരോഗ്യസംവിധാനം സജ്ജമാക്കി നിര്‍ത്തിയത്. ബ്രേക്ക് ദി ചെയിന്‍ കാംപയിനിന്റെ ഭാഗമായുള്ള സുരക്ഷാ കാര്യങ്ങള്‍ ബഹുഭൂരിപക്ഷം ആളുകളും പാലിക്കുന്നതും ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലും ഇവിടെ പൊസിറ്റീവായ ഘടകങ്ങളാണ്.
ചികിത്സാ സൗകര്യങ്ങളുടെ കുറവു കൊണ്ട് രോഗികള്‍ മരിക്കാന്‍ ഇടവരരുത്. ആവശ്യമായ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 68 വെന്റിലേറ്ററുകള്‍ കോവിഡ് ചികിത്സക്കു വേണ്ടി മാത്രം നീക്കിവച്ചിട്ടുണ്ട്. 14 എണ്ണത്തിലാണ് നിലവില്‍ രോഗികളുള്ളത്. ഓക്‌സിജന്‍ ബെഡുകളുടെ സൗകര്യവും എല്ലാ മെഡിക്കല്‍ കോളജുകളിലും വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടിയുണ്ടായെങ്കിലും വേണ്ടത്ര ഡോക്ടര്‍മാരെ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
രോഗത്തെ നിസാരമായി കാണുന്ന പ്രവണത ശരിയല്ല. രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗലക്ഷണങ്ങള്‍ തുടരുന്ന സാഹചര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആയുര്‍വേദ വകുപ്പിന്റെ പങ്കാളിത്തത്തോടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ഒരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button