BREAKING NEWSWORLD

ഒന്നല്ല, കൊവിഡ് ഏഴുതരം

ലണ്ടന്‍: കൊവിഡ് 19 രോഗബാധ സംബന്ധിച്ച് നിര്‍ണായകമായ കണ്ടെത്തലുമായി ഗവേഷകര്‍. നോവല്‍ കൊറോണ വൈറസ് ബാധിച്ചാല്‍ ഏഴു തരത്തിലുള്ള ‘രോഗബാധകള്‍’ ഉണ്ടാകാമെന്നാണ് പുതിയ കണ്ടെത്തല്‍. രോഗം ബാധിച്ച് രണ്ടര മാസത്തിനു ശേഷവും ശരീരത്തിലെ പ്രതിരോധശേഷിയില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. കൊവിഡ് 19 രോഗചികിത്സയിലും വാക്‌സിന്‍ ഗവേഷണത്തിലും വലിയ ഗുണം ചെയ്യുന്ന പഠനമാണ് നടന്നിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അലര്‍ജി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ ഗവേഷണത്തിന്റെ വിവരങ്ങളുള്ളത്. കൊവിഡ് രോഗമുക്തി നേടിയ 109 പേരിലും അല്ലാത്ത 98 പേരിലുമാണ് പഠനം നടത്തിയത്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ പല തരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഓസ്ട്രിയയിലെ വിയന്ന മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് പഠനം.
ചില ഗ്രൂപ്പുകളില്‍ ഫ്‌ലൂവിനു സമാനമായ ലക്ഷണങ്ങളും ചില ഗ്രൂപ്പുകളില്‍ ജലദോഷപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങളുമാണ് കണ്ടെത്തിയതെന്ന് പഠനത്തില്‍ പറയുന്നു. പനി, കുളിര്, ക്ഷീണം, കഫക്കെട്ട് തുടങ്ങി ‘ഫ്‌ലൂവിനു സമാനമായ ലക്ഷണങ്ങള്‍’ ഉള്ളവരായിരുന്നു ഒരു വിഭാഗം. എന്നാല്‍ മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ട വരളല്‍, മൂക്കടപ്പ്, ശരീരവേദന തുടങ്ങി ‘ജലദോഷപ്പനിയ്ക്ക സമാനമായ ലക്ഷണങ്ങള്‍’ ആണ് മറ്റൊരു വിഭാഗത്തിന് അനുഭവപ്പെട്ടത്.
ഇതിനു പുറമെ, ‘കണ്ണുകള്‍ക്കും ശ്രേഷ്മസ്ഥരങ്ങള്‍ക്കും പഴുപ്പ്’, ന്യൂമോണിയ, ശ്വാസതടസ്സം എന്നിങ്ങനെയുള്ള ‘ശ്വാസകോശ പ്രശ്‌നങ്ങള്‍’, വയറിളക്കം, ഛര്‍ദ്ദില്‍, തലവേദന തുടങ്ങിയ ‘ദഹനപ്രശ്‌നങ്ങള്‍’, ‘രുചിയും മണവും നഷ്ടപ്പെടുന്നതും മറ്റു രോഗലക്ഷണങ്ങളും’ എന്നിങ്ങനെയാണ് ഗവേഷകര്‍ രോഗലക്ഷണങ്ങളെ തിരിച്ചത്.
‘പ്രായം കുറഞ്ഞ പ്രതിരോധസംവിധാനമുള്ളവരിലാണ്’ രുചിയും മണവും ഉണ്ടാകുന്നതെന്ന് കണ്ടെത്തയിതായി ഗവേഷകര്‍ പറഞ്ഞു. തൈമസ് ഗ്രന്ഥിയില്‍ നിന്ന് ഉണ്ടാകുന്ന ടി ലിംഫോസൈറ്റുകള്‍ എന്ന പ്രതിരോധ കോശങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഇത് കണ്ടെത്തുന്നത്െന്ന് ലേഖനത്തിന്റെ കര്‍ത്താക്കളില്‍ ഒരാലായ വിന്‍ഫ്രീഡ് എഫ് പിക്കിള്‍ പറഞ്ഞു. ‘ഇതോടെ പ്രൈമറി കൊവിഡ് 19 രോഗത്തിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള സിസ്റ്റമിക് വിഭാഗങ്ങളും ആറു മുതല്‍ ഏഴുവരെയുള്ള അവയവ കേന്ദ്രീകൃതമായ ഗ്രൂപ്പുകളും കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞു.’ അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 ബാധിച്ചവരുടെ രക്തത്തില്‍ ദീര്‍ഘകാലം അത് തിരിച്ചറിയാന്‍ സാധിക്കുന്ന അടയാളങ്ങളുണ്ടാകുമെന്നും അത് വിരളടയാളം പോലെയാണെന്നും പഠനത്തില്‍ തെളിഞ്ഞു. ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രാനുലോസൈറ്റുകള്‍ കൊവിഡ് ബാധിതരില്‍ കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ രോഗം ബാധിച്ച് ആഴ്ചകള്‍ക്ക് ശേഷവും പ്രതിരോധ സംവിധാനം വളരെ ഉയര്‍ന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

Related Articles

Back to top button