തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 59983 സാമ്പിളുകള്‍ പരിശോധിച്ചു. 5149 പേര് രോഗമുക്തരായി.
ഇപ്പോഴത്തെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതാണ്. മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളില്‍ വ്യാപിച്ചത് എങ്ങിനെയെന്ന അനുഭവം പ്രധാനമാണ്. പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. ഇത് രൂക്ഷവുമായിരുന്നു. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തില്‍ ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നതും ആളുകള്‍ അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം ഉച്ഛസ്ഥായിയില്‍ എത്തുന്നത്. അതുകൊണ്ട് ജനം ശ്രദ്ധ കൈവിടരുത്.
യൂറോപ്പിലും അമേരിക്കയിലുമുണ്ടായ രണ്ടാം തരംഗത്തിന്റെ പഠനത്തില്‍, രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമാണ്. ഈ ഘട്ടത്തില്‍ കേരളത്തില്‍ വലിയ ശ്രദ്ധ കൊടുക്കണം. നിയന്ത്രണങ്ങളും മുന്‍കരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി.