അബുദാബി: ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. വൈറസ് വ്യാപനം കണക്കിലെടുത്ത് സൗദി ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചു. എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കി. കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്ക് യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ യാത്രാനിരോധനം തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ സൗദിയിലുളള വിമാനങ്ങള്‍ക്ക് നിരോധനം ബാധകമാവില്ല. ഈ വിമാനങ്ങള്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുളള സഹായ വിതരണത്തെയും ചരക്കുനീക്കത്തേയും നിരോധനം ബാധിക്കില്ല.
നിരവധി രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍, പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വൈറസിനെ കുറിച്ചുളള വിവരങ്ങളില്‍ വ്യക്തത വരുന്നത് വരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് സൗദി അറേബ്യ പ്രസ്താവനയില്‍ അറിയിച്ചത്.
കോവിഡ് വ്യാപനം നടന്നിട്ടുളള വിദേശരാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനില്‍ പോകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടയില്‍ അഞ്ചുദിവസങ്ങളുടെ ഇടവേളയില്‍ കോവിഡ് 19 പരിശോധന തുടര്‍ച്ചയായി നടത്തുകയും വേണം.
സൗദിക്ക് പുറമേ വൈറസിന്റെ വകഭേദം കണ്ടെത്തിയ ബ്രിട്ടണില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് കുവൈത്തും വിലക്ക് ഏര്‍പ്പെടുത്തി.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.
നിലവില്‍ അംഗീകാരം നല്കിയ വാക്സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്ട്രേലിയയിലും ഡെന്മാര്ക്കിലും നെതര്‍ലാന്‍ഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടനുമായി ചര്‍ച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതികരിച്ചു.
ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും മുന്നൊരുക്കം തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ അടിയന്തര യോഗം ചേരും.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടര്‍ന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാന്‍കോക്ക് അറിയിച്ചു.
വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനുവരി ഒന്നുവരെ ബ്രിട്ടനില്‍നിന്നുള്ള വിമാനയാത്രയ്ക്ക് നെതര്‍ലന്‍ഡ്സ് വിലക്കേര്‍പ്പെടുത്തി. ബെല്‍ജിയം ഞായറാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കും യാത്ര വിലക്കിയിട്ടുണ്ട്.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.