BREAKING NEWSKERALALATEST

കോവിഡ് വ്യാപനത്തില്‍ മുന്നില്‍ കേരളം, മരിച്ചവരില്‍ ഏറെയും പുരുഷന്മാര്‍

തിരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ കോവിഡ് പ്രചാരണത്തില്‍ വര്‍ധന. രണ്ടുമാസത്തിനിടയില്‍ പത്തുശതമാനം എന്ന നിരക്കിലേക്ക് കോവിഡ് വ്യാപന നിരക്കെത്തി.
ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിലാണ് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തില്‍ മുന്‍നിരയിലാണെന്ന് സൂചിപ്പിക്കുന്നത്. 100 കോവിഡ് പരിശോധനയില്‍ പത്ത് രോഗികള്‍ എന്ന നിലയിലാണിപ്പോള്‍ കേരളം.
ഡിസംബര്‍ 13 മുതല്‍ 26 വരെയുള്ള കണക്കെടുപ്പില്‍ രാജ്യത്ത് ഇത്രയും ഉയര്‍ന്ന നിരക്കില്‍ കോവിഡ് വ്യാപനം കേരളത്തില്‍ മാത്രമേയുള്ളൂ. ദേശീയതലത്തില്‍ 2.24 ശതമാനം എന്ന നിരക്കിലേക്ക് രോഗവ്യാപനം കുറഞ്ഞിരുന്നു. ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തില്‍നിന്ന് പത്തുശതമാനത്തിലേക്ക് എത്തിയത്. തൊട്ടുപിന്നില്‍ ഗോവയാണ്. 6.04 ശതമാനം.
അസം0.45, ബിഹാര്‍0.47, ആന്ധ്രാപ്രദേശ്0.69, യു.പി.0.85, ജാര്‍ഖണ്ഡ്1.02, ഒഡിഷ1.05, ജമ്മുകശ്മീര്‍1.1, കര്‍ണാടക1.11, തെലങ്കാന1.19, ഡല്‍ഹി1.39, തമിഴ്‌നാട്1.57 എന്നിങ്ങനെയാണ് വ്യാപനനിരക്കില്‍ പിന്നിലുള്ള സംസ്ഥാനങ്ങള്‍.
ഡിസംബര്‍ 27 വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ 2977 കോവിഡ് മരണങ്ങളാണുണ്ടായത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സ്ഥിതിയാണ്. മഹാരാഷ്ട്ര49,255, തമിഴ്‌നാട്12,069, കര്‍ണാടക12,062, ഡല്‍ഹി10,453 എന്നിങ്ങനെയാണ് മരണത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങളിലെ കണക്ക്.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും പുരുഷന്മാരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ജനുവരിമുതലുള്ള കണക്കെടുത്താല്‍ രാജ്യത്തെ 1.47 ലക്ഷം പുരുഷന്മാരാണ് മരണത്തിന് കീഴടങ്ങിയത്. ഇതില്‍ 45 ശതമാനം പേരും 60 വയസ്സില്‍ താഴെയുള്ളവരാണ്.
കോവിഡ് ബാധിതരില്‍ 63 ശതമാനം പേരും പുരുഷന്മാരാണ്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെങ്കിലും ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് വളരെ വേഗം പടരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ആഗോളതലത്തില്‍ 8.1 കോടിയിലധികം കോവിഡ് ബാധിതരാണുള്ളത്. അതില്‍ 1.02 കോടിയും ഇന്ത്യയിലാണ്. ഇക്കാര്യത്തില്‍ യു.എസിനുപിന്നാല്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.
ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 16,432 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,02,24,303 ആയി. 2.68 ലക്ഷംപേര്‍ ചികിത്സയിലുണ്ട്. 252 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1.48 ലക്ഷമായി.

Related Articles

Back to top button