ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരായ വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനായി ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. ഇരു കമ്പനികളുടെയും വാക്സിനുകള്‍ സംബന്ധിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കമ്പനികള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ജീവനും ജീവിതവും രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാന കര്‍ത്തവ്യം. ലോകത്തെങ്ങുമുള്ള ജീവനുകള്‍ രക്ഷിക്കാന്‍ ശക്തിയുള്ള വസ്തുവാണ് വാക്സിനുകളെന്നും കമ്പനിയുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാലയും ഭാരത് ബയോടെക് അധ്യക്ഷന്‍ കൃഷ്ണ എല്ലയുമാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
വാക്സിന്റെ സുഗമമായ വിതരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരു കമ്പനികളും ഏര്‍പ്പെട്ടിരിക്കുകയാണ്. അത് രാജ്യത്തിനോടും ലോകത്തോടുമുള്ള തങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഓക്സഫഡും ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച് പുണയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിക്കുന്ന കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ച് പുറത്തിറക്കുന്ന കോവാക്സിനും കഴിഞ്ഞ ദിവസം അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാല്‍ കോവാക്സിന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും അതിനു മുന്‍പ് അനുമതി നല്‍കിയത് ഉചിതമായില്ലെന്നുമുള്ള ആരോപണങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്നിരുന്നു.