BREAKING NEWSLATESTNATIONAL

കോവിഡ് മാലിന്യം കുമിഞ്ഞുകൂടുന്നു, ഏഴു മാസത്തിനിടെ രാജ്യത്തുണ്ടായത് 33,000 ടണ്‍

മുംബൈ: ജൂണ്‍മുതലുള്ള ഏഴുമാസം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 33,000 ടണ്‍ കോവിഡ് അനുബന്ധ മാലിന്യം. കോവിഡ് ബാധിതരുടെ എണ്ണത്തിലെന്നപോലെ 3587 ടണ്ണുമായി മഹാരാഷ്ട്രയാണ് കോവിഡ് മാലിന്യം സൃഷ്ടിക്കുന്നതില്‍ മുന്നില്‍. 3300 ടണ്ണുമായി കേരളമാണ് രണ്ടാംസ്ഥാനത്ത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി.) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് മാലിന്യം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 5500 ടണ്‍.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് 2020 മാര്‍ച്ചില്‍ സി.പി.സി.ബി. പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്‌കരണ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ബോര്‍ഡ് മേയില്‍ കോവിഡ്19 ബി.ഡബ്ല്യു.എം. എന്ന മൊബൈല്‍ ആപ്പും അവതരിപ്പിച്ചു. 2020 ജൂലായില്‍ രാജ്യത്തെ എല്ലാ നഗരസഭകളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും ആപ്പ് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് ലഭിച്ച വിവരങ്ങളാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കൈവശമുള്ളത്.
ജൂണിനുശേഷം ഡിസംബര്‍വരെ രാജ്യത്തെ 198 കോവിഡ് അനുബന്ധ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളിലായി ആകെ 32,994 ടണ്‍ മാലിന്യം സംസ്‌കരിച്ചതായാണ് സി.പി.സി.ബി. വ്യക്തമാക്കിയിരിക്കുന്നത്. പി.പി.ഇ. കിറ്റുകള്‍, മാസ്‌കുകള്‍, ഷൂ കവര്‍, ഗ്ലൗസ്, രക്തംപുരണ്ട മാലിന്യം, ശരീരസ്രവംപുരണ്ട വസ്ത്രങ്ങള്‍, പ്ലാസ്റ്റര്‍, കോട്ടണ്‍ സ്വാബുകള്‍, ബെഡുകള്‍, ബ്ലഡ് ബാഗുകള്‍, സിറിഞ്ച്, സൂചി തുടങ്ങിയ മാലിന്യമാണ് ഇവയിലധികവും. കൂടുതല്‍ മാലിന്യം സൃഷ്ടിച്ചതില്‍ മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ 3086 ടണ്ണുമായി ഗുജറാത്താണുള്ളത്. തമിഴ്‌നാട് 2806 ടണ്‍, ഉത്തര്‍പ്രദേശ് 2502 ടണ്‍, ഡല്‍ഹി 2471 ടണ്‍, പശ്ചിമബംഗാള്‍ 2095 ടണ്‍, കര്‍ണാടക 2026 ടണ്‍ എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്. ഞായറാഴ്ചവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 1.04 കോടി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button