തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന് കുത്തിവെപ്പ് ശനിയാഴ്ച 133 കേന്ദ്രങ്ങളില്‍ നടക്കും. എറണാകുളത്ത് 12ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11ഉം കേന്ദ്രങ്ങളുണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പതുകേന്ദ്രങ്ങള്‍ വീതമാണുണ്ടാകുക.
വാക്സിനേഷന് നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ടൂ വേ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.
എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും. മന്ത്രി കെ.കെ. ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. ശനിയാഴ്ചത്തെ നടപടികള്‍ വിലയിരുത്തി തിങ്കളാഴ്ചമുതല്‍ കുത്തിവെപ്പ് തുടരും.
ഓരോ ആള്‍ക്കും 0.5 എം.എല്‍. കോവിഷീല്‍ഡ് വാക്സിനാണു കുത്തിവെക്കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് അടുത്തത്. ഒമ്പതുമുതല്‍ അഞ്ചുവരെയാണ് സമയം. രജിസ്റ്റര്‍ചെയ്ത ആളിന് എവിടെയാണ് വാക്സിന് എടുക്കാന്‍പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും.
വാക്സിന് എടുത്താല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. വാക്സിനേഷന്‍കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനമുണ്ടാകും. അടിയന്തര ചികിത്സയ്ക്കായി എല്ലാകേന്ദ്രങ്ങളിലും അഡ്വേഴ്സ് ഇവന്റ്സ് ഫോളോവിങ് ഇമ്യൂണൈസേഷന് (എ.ഇ.എഫ്.ഐ.) കിറ്റുണ്ടാകും. ആംബുലന്‍സ് സേവനവുമുണ്ട്.
വാക്സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി നേതൃത്വം നല്കുന്ന സ്റ്റിയറിങ് കമ്മിറ്റി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേതൃത്വം നല്കുന്ന സ്റ്റേറ്റ് ടാസ്ക് ഫോഴ്സ്, സ്റ്റേറ്റ് കണ്ട്രോള് റൂം, ജില്ലാതലത്തില്‍ കളക്ടര്‍ നേതൃത്വം നല്കുന്ന ടാസ്ക് ഫോഴ്സ്, ജില്ലാ കണ്ട്രോള് റൂം, ബ്ലോക്ക് തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്കുന്ന ബ്ലോക്ക് ടാസ്ക് ഫോഴ്സ്, ബ്ലോക്ക് കണ്ട്രോള് റൂം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
അഞ്ച് വാക്സിനേഷന് ഓഫീസര്‍മാരുണ്ടാകും. വാക്സിനെടുക്കാന്‍ വെയിറ്റിങ് റൂമില്‍ പ്രവേശിക്കുംമുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥന് തിരിച്ചറിയല്‍കാര്‍ഡ് പരിശോധിക്കും. രണ്ടാമത്തെ ഉദ്യോഗസ്ഥന് കോ വിന് ആപ്ലിക്കേഷന്‍ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സര്‍വേഷന്‍ മുറിയിലെ ബോധവത്കരണം, എ.ഇ.എഫ്.ഐ. കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. വാക്സിനേറ്റര്‍ ഓഫീസറാണ് കുത്തിവെപ്പ് എടുക്കുക.