BREAKING NEWSKERALA

രാജ്യത്തെ അഞ്ചിലൊന്നു കോവിഡ് മരണവും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണവും കുറയുമ്പോഴും കേരളത്തിലെ സ്ഥിതി നേരെ മറിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും പ്രതിദിന കേസുകള്‍ക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമത്.
തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്ത 78 മരണങ്ങളില്‍ പതിനാറും കേരളത്തിലാണു താനും; 20.51 %. മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 35 മരണവും കേരളത്തില്‍ 19 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തു കോവിഡ് ചികിത്സയില്‍ തുടരുന്നവരില്‍ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേര്‍; ഇതില്‍ 65,670 പേര്‍ കേരളത്തിലും 35,991 പേര്‍ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.
അരുണാചല്‍പ്രദേശ്, ത്രിപുര, മിസോറം, നാഗാലാന്‍ഡ്, ആന്‍ഡമാന്‍, ദാദ്ര–നാഗര്‍ ഹവേലി, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴിടത്ത് മൂന്നാഴ്ചകളായി കോവിഡ് മരണമില്ല. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിന മരണനിരക്കില്‍ 55 % കുറവുണ്ടായി.

Related Articles

Back to top button