ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളുടെ 74 ശതമാനത്തിലേറെ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആലപ്പുഴ ജില്ലയില്‍ പ്രത്യേക ശ്രദ്ധവേണം. അഞ്ച് അടിയന്തര നടപടികള്‍ നിര്‍ദേശിച്ച് ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തെഴുതി.
ആര്.ടി.പി.സി.ആര്. പരിശോധനകള്‍ കൂട്ടുക, ആന്റിജന്‍ ടെസ്റ്റുകളില്‍ നെഗറ്റീവായവരെ ആര്.ടി.പി.സി.ആര്. പരിശോധനയ്ക്കു വിധേയരാക്കുക, രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ ശക്തമായ കണ്ടെയ്ന്മെന്റ് ഏര്‍പ്പെടുത്തുക, കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തുക, കൂടുതല്‍ മരണം റിപ്പോര്‍ട്ട്ചെയ്ത ജില്ലകളില്‍ ചികിത്സാസംവിധാനം കൂടുതല്‍ കേന്ദ്രീകരിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍.
കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമാണ് കോവിഡ് ബാധിതര്‍ പെരുകുന്നത്.