BUSINESSBUSINESS NEWSLATEST

കോവിഡ് ഒരു രോഗമാണ്… പക്ഷേ ആശുപത്രികളെ പോലും തകര്‍ത്തുകളഞ്ഞു

കോവിഡ് ഭീതി മൂലം രോഗികള്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുന്ന സാഹചര്യം. കൂടാതെ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളുടെ വരവ് നിലച്ചു. ഈ സാഹചര്യത്തില്‍ ഭീമമായ പ്രവര്‍ത്തനച്ചെലവ് കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് സ്വകാര്യ ആശുപത്രികള്‍.
ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം വെട്ടിച്ചുരുക്കിയും ചെലവുകള്‍ കുറച്ചും അതിജീവനത്തിനുള്ള വഴികള്‍ തേടുകയാണ് ആശുപത്രികള്‍. ഡോക്ടര്‍മാരുടെ വേതനം 50 ശതമാനം വരെ കുറച്ച ആശുപത്രികള്‍ നിരവധിയാണ്. പലയിടത്തും നഴ്‌സുമാരുടെ ഡ്യൂട്ടി സമയം കുറച്ച് അതിനനുസരിച്ച് മാത്രമാണ് ശമ്പളം കൊടുക്കുന്നത്. കേരളത്തിലെ ചില സ്വകാര്യ മെഡിക്കല്‍ കോളെജുകളാകട്ടെ ആറ് മാസത്തെ വരെ ശമ്പളം ഡോക്ടര്‍മാര്‍ക്ക് കൊടുക്കാനുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മെഡിക്കല്‍ കോളെജുകളുടെ സാമ്പത്തികപ്രതിസന്ധി കോവിഡിന് മുമ്പേ തുടങ്ങിയിരുന്നു.
അനേകം സ്‌പെഷ്യാലിറ്റികളുള്ള കേരളത്തിലെ പ്രധാന നഗരങ്ങളിലെ വലിയ ആശുപത്രികള്‍ക്കാണ് ഏറ്റവും പ്രതിസന്ധിയുണ്ടായിരിക്കുന്നത്. വലിയ ആശുപത്രികളുടെ 30 ശതമാനത്തോളം വരുമാനം ലഭിക്കുന്നത് വിദേശീയരായ രോഗികളില്‍ നിന്നാണ്. 15 ശതമാനത്തോളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് റെഫര്‍ ചെയ്ത് സര്‍ജറിക്കായും മറ്റും വരുന്ന രോഗികളാണ്. പക്ഷെ കോവിഡ് വന്നതോടെ വലിയ ആശുപത്രികളുടെ 45 ശതമാനത്തോളം വരുമാനം ഒറ്റയടിക്ക് നിലച്ചു. എന്നാല്‍ ഹോസ്പിറ്റല്‍ മേഖലയില്‍ രോഗികള്‍ ഇല്ലെങ്കില്‍ കുറയാവുന്ന ചെലവ് 1520 ശതമാനം മാത്രമേയുള്ളു. ബാക്കിയുള്ള ചെലവുകള്‍ ശമ്പളം, അടിസ്ഥാനസൗകര്യം, മെയ്ന്റനന്‍സ് ചെലവുകള്‍ തുടങ്ങിയ അവിടതന്നെയുണ്ടാകും. 60 ശതമാനത്തോളം ചെലവ് ശമ്പളത്തിനായാണ് വരുന്നത്. ഇത് ഭീകരമായ തിരിച്ചടിയാണ് വലിയ ആശുപത്രികള്‍ക്ക് ഉണ്ടായിരിക്കുന്നത്.
വിദേശീയരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളുടെ വരവ് നിലച്ചത് കൂടാതെ ചെറിയ പട്ടണങ്ങളില്‍ നിന്ന് നഗരത്തിലെ ആശുപത്രികളിലേക്ക് ചികില്‍സയ്ക്ക് എത്തിയിരുന്നവരും ഇപ്പോള്‍ വരുന്നില്ല. അവര്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ അവരുടെ സ്ഥലത്തുതന്നെയുള്ള ആശുപത്രികളെ ആശ്രയിക്കുന്നു. മാത്രമല്ല വര്‍ക് ഫ്രം ഹോം അവസരമുള്ളതുകൊണ്ട് നഗരങ്ങളില്‍ നിന്ന് ആളുകള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നതും നഗരങ്ങളിലെ ആശുപത്രികളെ പ്രതിസന്ധിയിലാക്കി.
‘ഔട്ട് പേഷ്യന്റിന്റെ എണ്ണത്തിലും ഇന്‍പേഷ്യന്റിന്റെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. മുമ്പുണ്ടായിരുന്നതിന്റെ അഞ്ചിലൊന്ന് രോഗികള്‍ മാത്രമാണ് വരുന്നത്. പ്രവര്‍ത്തനച്ചെലവിനുള്ള വരുമാനം ആശുപത്രികള്‍ക്ക് കിട്ടാത്ത അവസ്ഥയാണ്. അത്ര അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ രോഗികള്‍ വരുന്നില്ല. കോവിഡ് ഭീതി മാത്രമല്ല ഇതിന് കാരണം. ആളുകളുടെ വരുമാനം ഇല്ലാതായതും ഇതിന് കാരണമാണ്.
കോവിഡ് ഭീതി മാത്രമല്ല സാമ്പത്തികബുദ്ധിമുട്ടും രോഗികളെ ആശുപത്രികളില്‍ നിന്ന് അകറ്റുന്നു. പലരും അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ പണമില്ലാത്തതിന്റെ പേരില്‍ മാറ്റിവെക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യ ടെസ്റ്റുകള്‍ പറയുമ്പോള്‍ പോലും കൈയില്‍ പണമില്ലെന്ന് പല രോഗികളും പറയുന്ന അവസ്ഥയാണ്. ആശുപത്രി വാസം വേണ്ടിവരുമ്പോള്‍ തന്നെയും ചെലവ് കുറയ്ക്കാനായി നിര്‍ബന്ധമായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്ന രോഗികളുടെ എണ്ണവും കൂടുകയാണ്. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് കുറഞ്ഞതും നിരവധിപ്പേരുടെ വരുമാനമാര്‍ഗം നഷ്ടപ്പെട്ടതുമൊക്കെ ഇതിന് കാരണമാണ്.
സാമ്പത്തികപ്രതിസന്ധി അടുത്ത വര്‍ഷം പകുതിയോടെ ഉച്ചസ്ഥായിയിലെത്താനാണ് സാധ്യതയെന്ന് ഐഎംഎ കേരളയുടെ വൈസ് ചെയര്‍മാന്‍ ഡോ.സുള്‍ഫി നൂഹ് ചുണ്ടിക്കാട്ടുന്നു. ‘കോവിഡ് അടുത്ത ഏതാനും മാസങ്ങളോടെ കുറഞ്ഞുവന്നേക്കാം. പക്ഷെ അതിനുശേഷം അടുത്ത വര്‍ഷം പകുതിയോടെ സാമ്പത്തികപ്രതിസന്ധി എല്ലാ മേഖലകളെയും ബാധിക്കും. അടുത്ത രണ്ട്മൂന്ന് വര്‍ഷത്തേക്ക് ഈ പ്രതിസന്ധി ആരോഗ്യമേഖലയെയും ബാധിക്കും. അടിയന്തരമല്ലാത്ത എല്ലാ ചികില്‍സകളും ശസ്ത്രക്രിയകളുമെല്ലാം ആളുകള്‍ മാറ്റിവെക്കുന്ന സാഹചര്യമായിരിക്കും. ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി തുടങ്ങിയ നിരവധി വിഭാഗങ്ങളെ ഇത് ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഓണ്‍ലൈനായി തികച്ചും സൗജന്യമായി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാവുന്ന സര്‍ക്കാരിന്റെ ഇസഞ്ജീവനി ആപ്പിന് ഈയിടെ വലിയ പ്രചാരം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇപ്പോഴത്തെ കോവിഡ് ഭീതിയില്‍ കൂടുതല്‍പ്പേര്‍ ഈ സേവനം ഉപയോഗിക്കാന്‍ തയാറാവുന്നതും ആശുപത്രികളിലേക്കുള്ള ആളുകളുടെ വരവ് കുറച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker