ArticlesGULFNRI

ഒറ്റക്കെട്ടായി നേരിടാം… ഈ മഹാമാരിയെ

റവ: സ്‌കറിയ തോമസ് ((Rev. Skariah Thomas)
സഹ വികാരി
ഇമ്മനുവേല്‍ മാര്‍ തോമ ഇടവക
ദോഹ – ഖത്തര്‍

ഒരു പുതിയ കാലഘട്ടത്തിന്റെ പിറവിക്കു നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നു. കൊറോണ എന്ന മഹാ വ്യാധി അനേകം മനുഷ്യരുടെ ജീവിതം മാറ്റിമറിച്ചു. മരിച്ച പിതാവിനെ ഒരു നോക്ക് കാണാന്‍ പോലും സാധിക്കാതെ തനിയെ ഇരുന്നു കരയുന്ന മക്കള്‍, അവസാനമായി സ്വന്തം ബന്ധുജനങ്ങളെ ഒരു നോക്ക് കാണാന്‍ പോലും സാധിക്കാത്ത മനുഷ്യര്‍, ജീവിതത്തില്‍ തനിച്ചാകുന്ന നിമിഷങ്ങള്‍, ജേലി നഷ്ടപ്പെട്ടു ഇനി മുന്നോട്ടു എന്ത് എന്ന് വിചാരിച്ചു വിഷമിക്കുന്നവര്‍, അസ്വസ്ഥതയും ഭീതിയും നമ്മെ തൊട്ടുരുമ്മി നില്‍ക്കുന്ന നൊടികള്‍.ഇതൊക്ക ഒരു തിരിച്ചറിവിന്റെ ഒരു പഠനത്തിന്റെ കാലമായി കാണണം നമ്മള്‍. തളരുത് ഒരിക്കലും. പതറാതെ പോരാടാം നമുക്ക് ഇനിയും മുന്നോട്ട്.പ്രവാസത്തിന്റെ ചൂടില്‍ ഉരുകി തീരുന്ന ജന്മങ്ങളെ നമുക്ക് സ്‌നേഹത്തോടെ കരുതലോടെ സ്വീകരിക്കാം. ഒരു വൈറസുകൊണ്ടു തീരുന്നതല്ല നമുക്കു അവരുമായുള്ള ബന്ധം എന്ന തിരിച്ചറിവ്  എല്ലാവരിലും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

ഇതിലൊക്കെ വെളിച്ചത്തിന്റെ ചില സ്ഫുരണങ്ങള്‍ നാം കാണാതെ പോകരുത്.നാം വീട്ടില്‍ സ്വസ്ഥമായി ഇരിക്കുമ്പോളും നമുക്ക് വേണ്ടി പോരാടുന്ന ജീവിതങ്ങളെ നാം ഒരിക്കലും വിസ്മരിച്ചു കൂടാ. നാം ലോക്ഡൗണില്‍ ആയിരിക്കുമ്പോളും ലോക്ഡൗണ്‍ ഇല്ലാത്ത കുറച്ചു മനുഷ്യര്‍. ഒരിക്കല്‍ കൊറോണ ബാധിച്ചു സുഖപ്പെട്ട ഒരു മനുഷ്യന്‍ തന്റെ പ്രിയ മകളോടു പറഞ്ഞു. ഇന്നു നിന്നേക്കാളും കൂടുതല്‍ എന്നെ ആശുപത്രിയില്‍ ശുശ്രൂഷിച്ച സന്നദ്ധ പ്രവര്‍ത്തകരെ ഞാന്‍ സ്‌നേഹിക്കുന്നു.’ അങ്ങനെ ഓരോരുത്തര്‍ക്കും പറയാന്‍ കാണും ഓരോ കഥകള്‍. സ്വന്തം ജീവന്‍ പോലും തൃണവത്കരിച്ചു കൊണ്ട് ഈ മഹാ വ്യാധിക്കെതിരെ പോരാടിയ ഓരോരുത്തര്‍ക്കും സമര്‍പ്പിക്കാം നമ്മുടെ ഇനിയുള്ള ജീവിതം. അതിജീവനത്തിനു താങ്ങായും തണലായും കൂടെ ചേര്‍ന്ന് നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, നിയമ പാലകര്‍, ഭരണാധികാ
രികള്‍, ആതുര ശുശ്രൂഷ ചെയ്യുന്നവര്‍ തുടങ്ങിയവരെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം. രാവും പകലും നമുക്കായി ശ്രദ്ധയോടെ കാവല്‍ നിന്നും, സ്വന്തം സമയവും ജീവനും അപരന്റെ നന്മക്കായി സമര്‍പ്പിച്ചവരെ നമുക്ക് സ്മരിക്കാം.

ഇല കൊഴിയുന്ന ശിശിരകാലം ചിലപ്പോള്‍ മടുപ്പിക്കുന്നതാകാം, എന്നാല്‍ നിറമുള്ള വസന്തകാലം നമുക്ക് മുന്നിലുണ്ട് എന്ന് നാം ഒരിക്കലും മറന്നുകൂടാ. ജീവിതത്തിന്റെ വൈതരണികളില്‍ നാം ഒരിക്കലും ഒറ്റക്കല്ല, തോളോട് തോള് ചേര്‍ന്ന് ഈശ്വരന്‍ നമ്മുടെ കൂടെ ഉണ്ട് എന്ന് മനസിലാക്കുക. മറ്റുള്ളവരില്‍ ഈശ്വരനെ കാണുവാന്‍ സാധിക്കുന്നത് പോലെ ശ്രേഷ്ടമായ ചിന്ത വേറെയില്ല. നമുക്ക് ഓര്‍ക്കാം, ഇന്നു നാം ജീവിക്കുന്ന ഈ ജീവിതം മറ്റു പലരുടെയും ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ്. ഒരുപാട് പോരാടാനുള്ള
കടപ്പാടാണീ ജീവിതം. നാം ആഗ്രഹിക്കുന്ന പലതും കിട്ടുന്നില്ല എന്ന പരാതി പലപ്പോഴും നമുക്കിടയില്‍ ഉണ്ട്, എന്നാല്‍ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ അര്‍ഹിക്കാത്ത പലതും കഴിഞ്ഞ കുറെ മാസങ്ങളായി  നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ. അതു കൊണ്ട് ഇനിയുള്ള കാലം അഹന്ത വെടിഞ്ഞു വിനയാന്വിതരാകാം. സ്വാര്‍ത്ഥത ത്യജിച്ചു ദാനശീലമുള്ളവരാകാം. ഒരു ചെറിയ വൈറസിന് മുന്‍പില്‍ അടിയറവുവെക്കാനുള്ളതല്ല ഈ ജീവിതം. കൂടുതല്‍ കരുത്തോടെ, ധൈര്യത്തോടെ, അന്യോന്യം സ്‌നേഹത്തോടെ, കരുതലോടെ നമുക്ക് നേരിടാം.

 

Related Articles

Back to top button