BREAKING NEWSKERALALATEST

സ്രവപരിശോധനയ്ക്കുള്ള യന്ത്രം ഇറക്കാന്‍ സി.ഐ.ടി.യു ചോദിച്ചത് 16,000 രൂപ; ഇറക്കിയതോ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍

തുറവൂര്‍ (ആലപ്പുഴ): കോവിഡ് സ്രവപരിശോധനാ ഉപകരണങ്ങള്‍ (ബയോസേഫ്റ്റി കാബിന്‍) ലോറിയില്‍നിന്ന് ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് 16,000 രൂപ. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പടെയുള്ള ജീവനക്കാര്‍ചേര്‍ന്ന് ഉപകരണം താഴെയിറക്കി. തൊഴിലാളികള്‍ ഇതുതടസ്സപ്പെടുത്തിയുമില്ല.
സി.ഐ.ടി.യു. തുറവൂര്‍ യൂണിറ്റിലെ തൊഴിലാളികളാണ് വ്യാഴാഴ്ചരാവിലെ തുറവൂര്‍ ഗവ.ആശുപത്രിയില്‍ കൊണ്ടുവന്ന യന്ത്രങ്ങള്‍ ഇറക്കാന്‍ വന്‍തുക കൂലി ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ സ്ഥാപിക്കുന്ന ട്രൂനാറ്റ് ലാബിലേക്കുള്ള ഒന്നരലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഇറക്കാനാണ് ഈ തുക ആവശ്യപ്പെട്ടത്.
225 കിലോ ഭാരമുള്ളതാണ് ഉപകരണം. 9,000 രൂപവരെ നല്‍കാമെന്നുപറഞ്ഞിട്ടും തൊഴിലാളികള്‍ തയ്യാറായില്ല. എന്തുചെയ്യണമെന്നറിയാതെ ജീവനക്കാര്‍ വിഷമിച്ചുനിന്നപ്പോഴാണ് മെഡിക്കല്‍ ഓഫീസര്‍ ആര്‍. റൂബി എത്തിയത്. കൂട്ടായ ആലോചനയ്‌ക്കൊടുവില്‍ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് ഉപകരണമിറക്കാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. ലോറിയില്‍നിന്നിറക്കിയ ഉപകരണം മുകളിലത്തെനിലയില്‍ കൊണ്ടുചെന്നുവെക്കുകയും ചെയ്തു. ഉപകരണം മുകളിലത്തെനിലയില്‍ എത്തിക്കാന്‍ ക്രെയിന്‍ വേണമെന്നും അതിന്റെ വാടകയുള്‍പ്പെടെയാണ് 16,000 രൂപ ചോദിച്ചതെന്നുമാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. എത്ര തരാന്‍ കഴിയുമെന്നതുള്‍പ്പെടെ ഒരുമറുപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് അവരുടെ ആരോപണം.
50 ലക്ഷം രൂപ മുടക്കി സ്ഥാപിക്കുന്ന കോവിഡ് സ്രവ പരിശോധനാ ലാബ് ഒരുനാടിന്റെ ആവശ്യമാണെന്നും തൊഴിലാളികള്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നുവെന്നും മെഡിക്കല്‍ ഓഫീസര്‍ ആര്‍.റൂബി പറഞ്ഞു.

Related Articles

Back to top button