
കേരളത്തിൽ കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്നു. സമ്പർക്കത്തിലൂടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ വലിയ ആശങ്കയാണുള്ളത്. ഇന്നലെ സമ്പർക്കത്തിലൂടെ കേരളത്തിൽ കൊവിഡ് ബാധിച്ചത് 204 പേർക്കാണ്.
തിരുവനന്തപുരത്തും പൊന്നാനിയിലും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററിൽ കർശന നിയന്ത്രണമാണുള്ളത്. ഇന്നലെ തിരുവനന്തപുരത്ത് കൊവിഡ് ലോക്ക് ഡൗൺ നീട്ടിയിരുന്നു. ഒരാഴ്ച കൂടിയാണ് ലോക്ക് ഡൗൺ നീട്ടിയത്. പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ നല്‍കിയതോടെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങി തുടങ്ങിയിരുന്നു. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന കൊവിഡ് കേസുകളുടെ തോത് 20.64 ശതമാനം ആയി ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന കൊവിഡ് രോഗികളിൽ നിന്ന് പ്രൈമറി സെക്കൻഡറി കോണ്ടാക്ടുകൾ ഉണ്ടാകുന്നുണ്ട്. മൊത്തം കേസുകളുടെ അനുപാതമായി സമ്പർക്ക കേസുകൾ വർധിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിൽ കൂടുതൽ ആളുകൾക്ക് രോഗ സാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിംഗ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി.