BREAKING NEWSKERALALATEST

കൊവിഡ് മരണം: സര്‍ക്കാര്‍ കണക്കില്‍ 218, യാഥാര്‍ത്ഥ്യം 365 എന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ഔദ്യോഗിക കണക്കില്‍ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കുറച്ചു കാണിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെ ജനകീയ പങ്കാളിത്തത്തോടെ സമാന്തര പട്ടിക പ്രസിദ്ധീകരിച്ച് ഡോക്ടര്‍മാരുടെ കൂട്ടായ്മ. സര്‍ക്കാര്‍ കണക്കില്‍ കൊവിഡ് മരണങ്ങള്‍ 218 ആണെങ്കില്‍ യഥാര്‍ത്ഥ മരണനിരക്ക് 365 ആണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആര്‍ക്കും വിവരങ്ങള്‍ നല്‍കാവുന്ന വിധമാണ് പുതിയ വെബ് ഫോറം.
കൊവിഡ് ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സര്‍ക്കാര്‍ പട്ടികയില്‍ നിന്നൊഴിവാക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരുന്നു. സര്‍ക്കാര്‍ രീതിയോട് വിയോജിപ്പുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് പുതിയ പട്ടിക. കണക്കില്‍ സുതാര്യതയുറപ്പാക്കാന്‍ ഗൂഗിള്‍ പേജില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കാം. ഒന്നിലധികം സ്രോതസുകളില്‍ നിന്ന് ഉറപ്പാക്കിയ ശേഷം ഉള്‍പ്പെടുത്തും. അതും ഐസിഎംആര്‍, ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍േശങ്ങളനുസരിച്ച്. സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ച മരണങ്ങളേക്കാള്‍ 147 മരണങ്ങള്‍ പട്ടികയില്‍ അധികമുണ്ട്. കണ്ണൂരില്‍ ചികിത്സക്കിടെ മരിച്ചിട്ടും കേരളത്തിന്റെ കണക്കില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകാതിരുന്ന മാഹി സ്വദേശി മഹറൂഫിന് പട്ടികയിലിടം നല്‍കി.
രോഗവ്യാപനം രൂക്ഷമായ ജൂലൈ മുതലാണ് കൊവിഡ് ബാധിച്ച് മരിച്ച കാന്‍സര്‍ രോഗികളെപ്പോലും കൂട്ടത്തോടെ പട്ടികയില്‍ നിന്നൊഴിവാക്കിയുള്ള പുതിയ രീതി സംസ്ഥാനത്ത് നിലവില്‍ വന്നത്. വന്‍തോതില്‍ ആക്ഷേപമുയര്‍ന്നതോടെ ഇക്കാര്യത്തില്‍ വിദഗ്ദസമിതി ഇടപെടലുമുണ്ടായി. എന്നിട്ടും ആഗസ്തില്‍ മാത്രം 41 മരണങ്ങളാണ് പട്ടികയില്‍പെടുത്താതിരുന്നത്.

Related Articles

Back to top button