BREAKING NEWSKERALA

കേരളത്തില്‍ കോവിഡ് മരണം എത്ര; ബിബിസി പറയുന്നത് സര്‍ക്കാര്‍ കണക്കിന്റെ ഇരട്ടി… ഏതാണ് സത്യം

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്ക് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട്. ഡോ. അരുണ്‍ എന്‍. മാധവന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് രാജ്യാന്തര മാധ്യമമായ ബിബിസി ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഔദ്യോഗിക കണക്ക് പ്രകാരം വ്യാഴാഴ്ച രാത്രി വരെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,969 ആണ്. എന്നാല്‍ 3,356 പേര്‍ രോഗം ബാധിച്ചു മരിച്ചുവെന്നാണ് അരുണ്‍ എന്‍. മാധവന്റെ പഠനം പറയുന്നത്.
5 വാര്‍ത്താ ചാനലുകളും ഏഴു പത്രങ്ങളുടെ പ്രദേശിക എഡിഷനുകളും ദിവസവും വീക്ഷിച്ചാണ് ഇവര്‍ കണക്കുകള്‍ നിരത്തുന്നത്. ഫലപ്രദമായ രീതിയിലാണ് പഠനം നടത്തിയതെന്ന് ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രഭാത് ഝാ പറഞ്ഞു.
8.9 ദശലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചതെന്നാണ് കണക്കുകള്‍. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ടു ചെയ്തതും ഇന്ത്യയിലാണ്. 1,30,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മരണ നിരക്ക് 1.5% ആണ്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്.
പല സംസ്ഥാനങ്ങളും യഥാവിധി കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് രാജ്യത്തെ മരണനിരക്കിലെ കുറവ് വ്യക്തമാക്കുന്നതെന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേക ഓണ്‍ലൈന്‍ കോവിഡ് ഡാഷ്‌ബോര്‍ഡിലൂടെ കണക്കുകള്‍ ഏറ്റവും സുതാര്യമെന്ന് അവകാശപ്പെടുമ്പോഴും കേരളത്തില്‍ കോവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഡോ. അരുണ്‍ അഭിപ്രായപ്പെടുന്നു.
മരണത്തിന് തൊട്ടുമുന്‍പ് ഒരാള്‍ക്ക് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചാല്‍, കേരളത്തിനു പുറത്തു നിന്നുള്ള ആള്‍ സംസ്ഥാനത്തു വച്ചു മരിച്ചാല്‍ ആ മരണം കോവിഡ് മരണമായി കണക്കാക്കുന്നില്ല. 65നും 78നും ഇടയില്‍ പ്രായമുള്ള മൂന്നുപേര്‍ കോവിഡ് ലക്ഷണങ്ങളുമായി ക്ലിനിക്കിലെത്തിയെന്നും ഇവര്‍ പിന്നീട് മരിച്ചെന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ ഈ മരണങ്ങള്‍ കോവിഡ് മൂലമാണോ എന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചില്ല.
കോവിഡ് മരണങ്ങളില്‍ ‘ചിലത്’ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നുണ്ടെന്ന് കോവിഡ് രോഗം ചെറുക്കുന്ന നടപടികളില്‍ സര്‍ക്കാര്‍ ഉപദേശകനായ രാജീവ് സദാനന്ദനും സമ്മതിച്ചതായും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് മനഃപൂര്‍വം സംഭവിക്കുന്നതല്ലെന്നും സുതാര്യമായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന സമൂഹത്തില്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ കൂടാന്‍ തുടങ്ങിയ ജൂലൈയില്‍, കോവിഡ് ബാധിതരുടെ മരണം ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തുടങ്ങിയതോടെയാണ് യഥാര്‍ഥ കണക്കുകള്‍ ശേഖരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപം കൊണ്ടത്.
അര്‍ബുദമടക്കം ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്ന കോവിഡ് ബാധിതരുടെ മരണം പട്ടികയില്‍ നിന്ന് പുറത്തായി. ജൂലൈയില്‍ മാത്രം 22 മരണം പട്ടികയ്ക്ക് പുറത്തായിരുന്നു. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്തത് മനപൂര്‍വമാണെന്നും ഇത് പിഴവായി കാണാനാകില്ലെന്നും ഡല്‍ഹി ആസ്ഥാനമായുള്ള ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഉമ്മന്‍ സി. കുര്യന്‍ പറഞ്ഞു. ഇനിയഥവാ എല്ലാ മരണങ്ങളും കൂട്ടിയാല്‍ പോലും മരണനിരക്ക് നിയന്ത്രിക്കുന്നതില്‍ കേരളം അസാധാരണ മികവാണ് പുലര്‍ത്തിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button