തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ നിര്‍ദേശങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കി. രോഗബാധ സംശയിച്ചുള്ള മരണമായാലും മൃതദേഹം വിട്ടുനല്‍കാന്‍ കാലതാമസം ഉണ്ടാകരുത്. സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം പ്രോട്ടോകോള്‍ പാലിച്ച് സംസ്കരിക്കാന്‍ നിര്‍ദ്ദേശം നല്കി മൃതദേഹം വിട്ടു നല്‍കണമെന്ന് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം എംബാം ചെയ്യാന്‍ അനുവദിക്കില്ല. കൊവിഡ് ബാധിച്ചുള്ള മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്കി. പോസ്റ്റുമോര്‍ട്ടം ചെയ്യുകയാണെങ്കില്‍ അണുബാധ നിയന്ത്രണത്തില്‍ പരിശീലനം നേടിയ ഫോറന്‍സിക് ഡോക്ടര്‍മാര്‍ ആണ് ചെയ്യേണ്ടത്. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കോ സംസ്ഥാനത്തിനു പുറത്തോ മൃതദേഹം കൊണ്ടുപോകേണ്ടി വന്നാല്‍ ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ ഉള്ള മതപരമായ ചടങ്ങുകള്‍ക്ക് അനുമതി നല്കി. ചിതാഭസ്മം ശേഖരിക്കാനും അനുവാദമുണ്ട്. അജ്ഞാതരായ കൊവിഡ് രോഗികള്‍ മരിച്ചാലോ മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകാതിരിക്കുകയോ ചെയ്താല്‍ കൃത്യമായ നടപടി സ്വീകരിച്ച ശേഷം മരിച്ച ആളുടെ മതവിശ്വാസ പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടത്താമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്.