BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ച് ആയി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഇന്നലെ മരിച്ച ഷാഹിദ(57)യുടെ പരിശോധനാഫലം പോസിറ്റീവ് ആയി. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു.നേരത്തേ കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളാണ് ഷാഹിദ. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. റുഖിയാബിയുടെ വീട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണ് കോഴിക്കോട്ടേത്. മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം തിരൂരങ്ങാടിയില്‍ 71കാരനായ അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് കുമ്പളയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

തൃശൂര്‍ ഇരിങ്ങാലക്കുടയിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (72) ആണ് മരിച്ചത്. ഇദേഹത്തിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്ന വര്‍ഗീസിനെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഇരിങ്ങാലക്കുടയില്‍ കൊറിയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു.

കോട്ടയത്ത് ആദ്യമായാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സ്വദേശി നടുമാലില്‍ ഔസേഫ് ജോര്‍ജി(83)ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker