KERALALATEST

സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ മൂന്നും മലപ്പുറത്തും ഇടുക്കിയിലും ഒരാള്‍ വീതവുമാണ് മരിച്ചത്. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

പത്തനംതിട്ട മുണ്ടു കോട്ടയ്ക്കല്‍ സ്വദേശി ജോസഫ്, അടൂര്‍ ഏറം സ്വദേശി രവീന്ദ്രന്‍, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേല്‍ എന്നിവരാണ് പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ജോസഫ് ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന മകളില്‍ നിന്നാണ് ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേലിന് രോഗം ബാധിച്ചത്. മരണം ശേഷം നടത്തിയ പരിശോധനയിലാണ് അടൂര്‍ ഏറം സ്വദേശി രവീന്ദ്രന് രോഗം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇടുക്കി കട്ടപ്പനയില്‍ കൊവിഡ് ബാധിച്ച് മരിച്ച സാം കുട്ടി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് കോട്ടയത്തേക്ക് മാറ്റി. ഇയാളുടെ രോഗ ഉറവിടം അവ്യക്തമാണ്. അട്ടപ്പാടി ഷോളയാര്‍ സ്വദേശി നിഷയാണ് മലപ്പുറം മഞ്ചേരി ഗവ: ആശുപത്രിയില്‍ മരിച്ചത്. കരള്‍ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഉണ്ടായിരുന്നു. ഇരുപത്തിനാല് വയസായിരുന്നു. സംസ്ഥാനത്ത് ദിവസവും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുകയാണ്.

Related Articles

Back to top button