HEALTHWORLD

കൊവിഡ് രോഗികളെ മണത്തു പിടിക്കാന്‍ ഇനി നായകളും

ഹെല്‍സിങ്കി: കൊറോണ വൈറസ് ബാധിതരെ കണ്ടെത്താന്‍ നായ്ക്കളെ വിന്യസിപ്പിച്ച് ഫിന്‍ലാന്റ്. ഹെല്‍സിങ്കിയിലെ വിമാനത്താവളത്തിലാണ് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ വിന്യസിപ്പിച്ചിരിക്കുന്നത്. വൈസ് നോസ് എന്ന ഏജന്‍സിയുടെ നേതൃത്വത്തില്‍ പത്ത് നായ്ക്കളാണ് പരീക്ഷണാടിസ്ഥാനത്തില്‍ രംഗത്തുള്ളത്.
ഹെല്‍സിങ്കിയിലെ വെറ്ററിനറി സര്‍വ്വകലാശാലയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കളെ പരിശോധനയ്ക്ക് ഇറക്കിയിരിക്കുന്നത്. കൊവിഡ്19 ബാധിതരായ ആളുകളെ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് ഉറപ്പായും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പഠനം. ‘ലോകത്ത് ആദ്യമായി ഇത്തരമൊരു പരീക്ഷണം നടത്തുന്നത് തങ്ങളാണ്’ ഫിന്നിഷ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫിനാവിയ പറഞ്ഞു. ‘കൊവിഡിനെ പരാജയപ്പെടുത്താനുള്ള മറ്റൊരു ചുവടുവെപ്പാണിത്.’ അദ്ദേഹം വ്യക്തമാക്കി.
നായ്ക്കള്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷം ഇവയുടെ കണ്ടെത്തല്‍ ഉറപ്പുവരുത്താനായി പരമ്പരാഗത പരിശോധനകൂടിയുണ്ട്. യാത്രക്കാര്‍ ശരീരത്തില്‍ നിന്നും തുടച്ചെടുക്കുന്ന ശ്രവം നായ്ക്കള്‍ പ്രത്യേക ബൂത്തില്‍വെച്ചാണ് പരീക്ഷിക്കുക. പരിശോധനയില്‍ പോസിറ്റീവാകുന്ന യാത്രക്കാരെ വിമാനത്താവളത്തിലെ വൈദ്യസംഘത്തിനടുത്തേക്ക് അയക്കും.
ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്കുകള്‍ പ്രകാരം, ഫിന്‍ലാന്റില്‍ ഇതുവരെ 9,195 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. 341 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Back to top button