BREAKING NEWSKERALA

സംസ്ഥാനത്തെ ഡ്രൈ റണ്‍ വിജയം; കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി നടന്നു. നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയായിരുന്നു ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുത്തത്. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ മുതല്‍ ഒബ്‌സര്‍വേഷന്‍ വരെ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സംസ്ഥാനത്ത് വളരെ പെട്ടെന്ന് കോവിഡ് വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എന്ന് എത്തുമെന്ന് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ല. കോവിഷീല്‍ഡ് വാക്‌സീന്‍ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുക്കുന്നതിന് ആര്‍ക്കും ആശങ്ക വേണ്ട. ചിട്ടയായ വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജമാണ്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് മുന്‍ഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ആദ്യം നല്‍കുക. പിന്നീട് വാക്‌സിന്‍ കിട്ടുന്ന അളവില്‍ മറ്റുള്ളവര്‍ക്കും നല്‍കുന്നതാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലകളില്‍ നടന്നിട്ടുണ്ട്. വാക്‌സിന്‍ കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയില്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വാക്‌സിന്‍ വിതരണ ഡ്രൈ റണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സാഹചര്യങ്ങളെ നേരിടുന്ന സമയത്ത് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് ആരോഗ്യ വകുപ്പ് മോക് ഡ്രില്‍ നടത്താറുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ശീതികരണ ഉപകരണങ്ങള്‍ക്ക് പുറമേ സംസ്ഥാനവും സജ്ജീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കേരളം സജ്ജമാണ്. ആദ്യഘട്ടത്തില്‍ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശേഷം വയോജനങ്ങളാണ് മുന്‍ഗണന ലിസ്റ്റിലുള്ളത്. അവര്‍ക്ക് കൊടുക്കണമെങ്കില്‍ 50 ലക്ഷത്തോളം വാക്‌സിന്‍ വേണ്ടിവരും. നമ്മുടെ ആവശ്യകതയ്ക്കനുസരിച്ച് വാക്‌സില്‍ കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ്. കേരളത്തില്‍ കോവിഡ് പ്രതിരോധത്തിന് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പ്രതിദിന രോഗികളുടെ എണ്ണം 20,000 കഴിയുമെന്ന് കരുതിയെങ്കിലും രോഗവ്യാപനം ഫലപ്രദമായി തടയാന്‍ സംസ്ഥാനത്തിനായെന്നും മന്ത്രി വ്യക്തമാക്കി.
വികെ. പ്രശാന്ത് എംഎല്‍എ., ജില്ല കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍എല്‍ സരിത, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെഎസ് ഷിനു, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ സന്ദീപ്, പേരൂര്‍ക്കട ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ഡബ്ല്യുഎച്ച്ഒ. പ്രതിനിധി ഡോ. പ്രതാപ് ചന്ദ്രന്‍, യുഎന്‍ഡിപി പ്രതിനിധികളായ ഡോ. അരുണ, ഡോ. സജി എന്നിവര്‍ പങ്കെടുത്തു.
കോവിഡ് വാസ്‌കിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ തിരുവനന്തപുരത്തെ സംഭരണ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ നേരത്തെ എത്തിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker