ന്യൂഡല്‍ഹി:കോവിഡ് പരിശോധനക്കായി രാജ്യത്ത് ഇതുവരെ 3.7 കോടി സാമ്പിളുകള്‍ ശേഖരിച്ചു. 10 ലക്ഷത്തിന് 26,685 എന്നതാണ് രാജ്യത്ത് നിലവിലെ പരിശോധന നിരക്കെന്നും പോസിറ്റിവിറ്റി നിരക്ക് 8.60 ശതമാനമായി കുറഞ്ഞെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ്ബാധയുടെ വ്യാപനം തടയുന്നതിനുള്ള ‘ട്രാക്ക് ആന്‍ഡ് ട്രീറ്റ്’ എന്ന തന്ത്രത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
പരിശോധനകള്‍ വര്‍ധിപ്പിച്ച് സമയബന്ധിതമായി രോഗബാധ തിരിച്ചറിയലാണ് ആദ്യ നടപടിയായി കൈക്കൊള്ളുന്നത്. ഉടനടി ഒറ്റപ്പെടുത്തല്‍, ഫലപ്രദമായ ചികിത്സ എന്നതും അണുബാധയുടെ വ്യാപനം തടയുന്നു. 24.04 ലക്ഷം പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 75.92 % ആയി ഉയര്‍ന്നിട്ടുണ്ട് നിലവിലെ വിമുക്തി നിരക്ക്. കോവിഡ് മരണ നിരക്ക് 1.84 ശതമാനമായി കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
‘ദൈനംദിന ടെസ്റ്റുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ രാജ്യം നിശ്ചയിച്ചത് പ്രകാരം 3.68 കോടി ടെസ്റ്റുകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്. 9,25,383 ടെസ്റ്റുകളാണ് തിങ്കളാഴ്ച മാത്രം നടത്തിയത്. പത്ത് ലക്ഷം പേര്‍ക്ക് 26,685 ടെസ്റ്റ് എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
പുണെയിലെ ഒറ്റ ലാബില്‍ മാത്രമാണ് ആദ്യം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. ഇതിപ്പോള്‍ 1524 ലാബുകളായി മാറിയിരിക്കുന്നു. ഇതില്‍ 986 സര്‍ക്കാര്‍ ലാബുകളും 538 സ്വകാര്യ ലാബുകളുമാണ്’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.