മലപ്പുറം: ജില്ലാ പൊലീസ് മേധാവിക്കു പിന്നാലെ കലക്ടര്‍ കെ. ഗോപാലകൃഷ്ണനും കോവിഡ് പോസിറ്റീവ്. സബ് കലക്ടര്‍, എഎസ്പി തുടങ്ങിയ 21 പേരുടെ ഫലം പോസിറ്റീവായതോടെ ഇവരെ ചികില്‍സയ്ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും.
കരിപ്പൂര്‍ വിമാനത്താവള രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഉള്‍പ്പടെ ക്വാറന്റീനിലായിരുന്നു. ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ ഫലം ഇന്നലെ പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വലിയ രീതിയിലുള്ള രോഗവ്യാപനമാണ് ഏതാനും ദിവസങ്ങളായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പമാണ് ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. കരിപ്പൂര്‍ വിമാനാപകടം ഉണ്ടായപ്പോള്‍ ഈ ഉദ്യോഗസ്ഥരെല്ലാവരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതാണ്. അതിനാല്‍ തന്നെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.