ജനീവ: വിജയകരമായ കൊവിഡ് 19 വാക്സിന് കണ്ടെത്തി ലോകത്ത് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതിനു മുന്‍പായി 20 ലക്ഷം പേര് വൈറസ് ബാധിച്ചു മരിക്കുമെന്ന് ലോകാരോഗ്യ സംഘനടയുടെ മുന്നറിയിപ്പ്. മഹാമാരി നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമെന്നും ഡബ്ല്യൂഎച്ച്ഓ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
‘ഇത് വെറും സങ്കല്‍പ്പമല്ല, നാം ഇതെല്ലാം ചെയ്താലും ഇത് സംഭവിക്കാന്‍ വളരെ സാധ്യതയുണ്ട്.’ ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക്ക് റയന്‍ വ്യക്തമാക്കി. ലോകത്ത് ഇതുവരെ ഏകദേശം 10 ലക്ഷം പേര് കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്ക്. കൊവിഡ്19നെതിരായ വിവിധ വാക്സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ‘ഒരിടത്തും ഭീഷണിയൊഴിഞ്ഞിട്ടില്ല, ആഫ്രിക്കയിലും ഭീഷണിയൊഴിഞ്ഞിട്ടില്ല.’ അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ വൈറസ് ബാധ വ്യാപിപ്പിക്കുന്നത് ചെറുപ്പക്കാരാണെന്ന് മൈക്ക് റയന്‍ ചൂണ്ടിക്കാട്ടി. വൈറസ് വ്യാപന ആശങ്ക വര്‍ധിക്കുന്നതിനിടെയും ലോകരാജ്യങ്ങള്‍ ലോക്ക് ഡൗണും നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ രോഗം പരത്തുകയാണെന്ന് മൈക്ക് റയന്‍ വ്യക്തമാക്കി. പ്രായഭേദമന്യേ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ ഒരുമിച്ചു കൂടുന്ന എല്ലാ പരിപാടികളും രോഗവ്യാപനം കൂട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറഞ്ഞ ചെലവിലും വേഗത്തിലും ലോകത്ത് വാക്സിന് വിതരണം നടപ്പാക്കാനായുള്ള കൊവാക്സ് പദ്ധതിയില്‍ ചൈനയുടെ സഹകരണം സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. പദ്ധതിയില്‍ ധാരണയിലെത്താനുള്ള അവസാന തീയതി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയില്‍ അംഗത്വമില്ലെങ്കിലും തായ്വാന് ഇതിനോടകം പദ്ധതിയില്‍ ഒപ്പിട്ടതായും ഇതുവരെ 159 രാജ്യങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചതായും ഡബ്ല്യൂഎച്ച്ഓ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 34 രാജ്യങ്ങള്‍ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല.
വാക്സിന് പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ വാക്സിന് ഉപയോഗിക്കുന്നത് വിലയിരുത്താനുള്ള കരട് നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതായി സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയേഞ്ചല സിമാവോ അറിയിച്ചു. ഒക്ടോബര്‍ 8 വരെ കരടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും അവര്‍ വ്യക്തമാക്കി.