LATESTNATIONAL

രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കും :കേന്ദ്രമന്ത്രി

ഭുവനേശ്വര്‍: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി 500 രൂപ വീതം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്‍.പി.സ്വെയ്‌ന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറികള്‍ക്ക് സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യത്ത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മഹാമാരിയെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച പ്രതിപക്ഷം രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഒഡീഷയില്‍ നിന്നുളള കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, സാരംഗി എന്നിവര്‍ ബി.ജെ.പി.യുടെ ഈ വാഗ്ദാനത്തെ കുറിച്ച് മാനംപാലിച്ചതിനെ സ്വെയിന്‍ ചോദ്യം ചെയ്തിരുന്നു. ഒഡീഷയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ബി.ജെ.പി. ബിഹാറില്‍ സൗജന്യമായി വാക്‌സിന്‍ വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാടും, മധ്യപ്രദേശും അസമും പുതുച്ചേരിയും സൗജന്യ വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 20ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ വിവിധ ഘട്ടങ്ങളിലുളള നിരവധി വാക്‌സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അറിയിച്ചിരുന്നു.

Related Articles

Back to top button