BREAKING NEWSLATESTNATIONAL

കോവാക്‌സിന്‍ ആദ്യഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സംഭവമുണ്ടായതായി സ്ഥിരീകരിച്ച് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളില്‍ ഈ വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡി.സി.ജി.ഐ) അറിയിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
പ്രതികൂല സംഭവമുണ്ടായ വിവരം കമ്പനി ഡി.സി.ജി.ഐയെ അറിയിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ കമ്പനി വിശദീകരണം നല്‍കിയത്. ഓഗസ്റ്റില്‍ നടന്ന ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുണ്ടായ പ്രതികൂല സംഭവം 24 മണിക്കൂറിനുള്ളില്‍ തന്നെ സി.ഡി.എസ്.സി.ഒഡി.സി.ജി.ഐ അധികൃതരെ അറിയിച്ചിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
അതേക്കുറിച്ച് വിശദമായി പരിശോധിച്ചുവെന്നും വാക്‌സിനുമായി ബന്ധപ്പെട്ടതല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ഐ.സി.എം.ആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം കഴിഞ്ഞ ദിവസം ഹരിയാണയില്‍ ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം തുടക്കത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button