BREAKING NEWS

കോവിഡ് വാക്‌സിന്‍: പ്രതിദിനം കുത്തിവയ്പ്പ് നൂറ് പേര്‍ക്ക്

ന്യൂഡല്‍ഹി: വാക്‌സിന്‍ കുത്തിവെയ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി. ഓരോ വാക്‌സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ കുത്തിവെക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമായിരിക്കും വാക്‌സിന്‍ കുത്തിവെപ്പുകേന്ദ്രത്തിലുണ്ടായിരിക്കുക.
വാക്‌സിന്‍ കുത്തിവെപ്പു കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്ന് സംബന്ധിച്ചും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രത്തിന് മൂന്നുമുറികള്‍ ഉണ്ടായിരിക്കണം. ആദ്യമുറി വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്‌സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.
അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നേരത്തേ ആരംഭിച്ച ബ്രിട്ടണില്‍ കുത്തിവെപ്പിനുശേഷം ഒരാളെ പത്തുമിനിട്ട് നേരം മാത്രമാണ് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അത് അരമണിക്കൂറായി നീട്ടുന്നു എന്നുളളതാണ് പ്രധാനപ്പെട്ട വസ്തുത. ഇക്കാരണത്താലാണ് വാക്‌സിന്‍ വിതരണം ഒരു കേന്ദ്രത്തില്‍ പ്രതിദിനം നൂറുപേര്‍ക്ക് എന്ന തോതില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.
കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കേണ്ടത്.

Related Articles

Back to top button