അടുത്ത വര്‍ഷം പകുതി വരെ കോവിഡ് -19 നെതിരെ ഒരു വാക്സിനും പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ് അറിയിച്ചു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.
‘മൂന്നാഘട്ട പരീക്ഷണത്തിന് കൂടുതല്‍ സമയമെടുക്കും, കാരണം വാക്സിന് എത്രത്തോളം സുരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്, ‘ ഹാരിസ് പറഞ്ഞു.’ വിവിധ രാജ്യങ്ങള്‍ വാക്സിന് പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരേയും പേരെടുത്ത് ഹാരിസ് പറഞ്ഞിട്ടില്ല.
രണ്ട് മാസത്തില്‍ താഴെ സമയമെടുത്ത് മനുഷ്യരില്‍ പരീക്ഷിച്ചതിനു ശേഷം ഓഗസ്റ്റില്‍ ഒരു കോവിഡ് -19 വാക്സിന് റഷ്യ നിയന്ത്രണ അനുമതി നല്‍കിയിരുന്നു. പാശ്ചാത്യരാജ്യങ്ങളിലെ പല വിദഗ്ധരും അതിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും ചോദ്യം ചെയ്തിരുന്നു. റഷ്യ കണ്ടെത്തിയ വാക്സിനില്‍ ലോകാരോഗ്യസംഘടനയും തൃപ്തരല്ല.
ഒക്ടോബര്‍ അവസാനത്തോടെ ഒരു വാക്സിന് വിതരണത്തിന് തയ്യാറാകുമെന്ന് യുഎസ് പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥരും ഫൈസര്‍ ഇങ്കും വ്യാഴാഴ്ച അറിയിച്ചു. നവംബര്‍ 3 ന് നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരിക്കും ഇത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും വിജയിക്കുമോ എന്ന് തീരുമാനിക്കുന്ന വോട്ടര്‍മാര്‍ക്കിടയില്‍ മഹാമാരി ഒരു പ്രധാന ഘടകമാകാന്‍ സാധ്യതയുണ്ട്.