BREAKING NEWSLATESTNEWSWORLD

കോവിഡ് വാക്‌സിന്‍ മകളില്‍ കുത്തിവെച്ചെന്ന് പുടിന്‍; വാക്‌സിനേഷന് അനുമതി

 കോവിഡിനെതിരെ ആദ്യ വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ്വ്ളാഡിമിർ പുടിന്‍. കൊറോണ വൈറസിനെതിരെ രോഗപ്രതിരോധശേഷി പ്രകടമാക്കിയ വാക്‌സിന്റെ രാജ്യവ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തതായും തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവെയ്പ് എടുത്തതായും പുടിന്‍ അറിയിച്ചു.

വാക്‌സിന്റെ പരീക്ഷണഘട്ടത്തില്‍ കോവിഡിനെതിരെ ഫലപ്രദമെന്ന് തെളിയിച്ചിരുന്നതായി പുടിന്‍ പറഞ്ഞു. കൊറോണ വൈറസിനെതിരെ രോഗപ്രതിരോധ ശേഷി തീര്‍ക്കുന്നതില്‍ വാക്‌സിന്‍ മികച്ച പ്രതികരണമാണ് കാഴ്ചവെച്ചതെന്നും സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് പുടിന്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളിലുളള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്്‌സിന്‍ ഉപയോഗിക്കുന്ന ഘട്ടത്തില്‍ എത്തിയത്. വാക്‌സിന്‍ കുത്തിവെച്ച മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അപകടകരമായ പരിധിയില്‍ വരുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്‍കുക. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍  വികസിപ്പിച്ചത്.

അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്ത് എല്ലാവര്‍ക്കും കുത്തിവെയ്പ് നടത്താനാണ് പദ്ധതി. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്‌സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്‌സിനേഷന്‍ ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാനാണ് പദ്ധതി.

വാക്‌സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു.

Related Articles

Back to top button