LATESTNATIONAL

പശുശാസ്ത്ര പരീക്ഷ സിലബസ്: പശുവിനെ കശാപ്പുചെയ്താല്‍ ഭൂകമ്പം, നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം

ന്യൂഡല്‍ഹി: രാഷ്ട്രീയ കാമധേനു ആയോഗ് ഫെബ്രുവരി 25ന് നടത്തുന്ന രാജ്യത്തെ ആദ്യ പശു ശാസ്ത്ര പരീക്ഷയുടെ സിലബസ് പുറത്തുവന്നു. നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണത്തിന്റെ അംശങ്ങളുണ്ടെന്നും പശുവിനെ കശാപ്പുചെയ്യുന്നത് കാരണമാണ് ഭുകമ്പം ഉണ്ടാകുന്നെന്നും സിലബസില്‍ പറയുന്നു.
1984ല്‍ ഭോപ്പാലിലുണ്ടായ വിഷവാതക ദുരന്തത്തില്‍ 20,000ത്തിലേറേ ആളുകള്‍ മരിച്ചു. എന്നാല്‍ ചാണകം മെഴുകിയ ചുമരുകളുള്ള വീടുകളില്‍ താമസിച്ചവരെ വിഷവാതകം ബാധിച്ചില്ലെന്നും കാമധേനു ആയോഗ് തയ്യാറാക്കിയ പശു ശാസ്ത്ര പരീക്ഷ സിലബസില്‍ അവകാശപ്പെടുന്നു.
നാടന്‍ പശുക്കള്‍ കരുത്തുള്ളവയും ബുദ്ധിശാലികളുമാണ്. അവ മലിനമായ സ്ഥലങ്ങളില്‍ ഇരിക്കില്ല. അതേസമയം ജഴ്‌സി പശുക്കള്‍ അലസരും പെട്ടെന്ന് രോഗം പിടിപെടുന്നവയുമാണ്. ശുചിത്വമില്ലാത്തതിനാല്‍ ഇവയ്ക്ക് അണുബാധയുണ്ടാകുമെന്നും സിലബസിലുണ്ട്. അപരിചിതരായ ആരെങ്കിലും നാടന്‍ പശുവിന് സമീപത്തേക്ക് വന്നാല്‍ അവ പെട്ടെന്ന് ചാടിഎഴുന്നേല്‍ക്കും. എന്നാല്‍ വിദേശ പശുക്കള്‍ വികാരങ്ങളൊന്നും പ്രകടിപ്പിക്കില്ലെന്നും സിലബസില്‍ പറയുന്നു.
കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍പ്രസാര്‍ എക്‌സാമിനേഷന്‍ എന്നാണ് പശുശാസ്ത്ര പരീക്ഷയുടെ പേര്. ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടക്കുക. പ്രൈമറി, സെക്കന്‍ഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷയില്‍ പാസാകുന്നവര്‍ക്ക് പശു വിദഗ്ധ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button