ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ‘ഗോ വിജ്ഞാന്’ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ മുഖേനയാണ് ഫെബ്രുവരി 25ന് പരീക്ഷ നടത്തുകയെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് ‘പശു ശാസ്ത്ര’ (കൗ സയന്‍സ്) ത്തില്‍ ഇത്തരമൊരു പരീക്ഷയെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് വല്ലഭായ് കാത്തിരിയ പറഞ്ഞു.
‘കാമധേനു ഗോ വിജ്ഞാന് പ്രചാര്‍പ്രസാര്‍ എക്സാമിനേഷന്’ എന്നായിരിക്കും പരീക്ഷയുടെ പേര്. പ്രൈമറി, സെക്കന്‍ഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷ എല്ലാ വര്‍ഷവും നടത്തുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് പറഞ്ഞു.
എല്ലാ ഇന്ത്യക്കാരിലും പശുക്കളെക്കുറിച്ച് താല്‍പര്യമുണര്‍ത്തുന്നതിന് ഉതകുന്നതായിരിക്കും പരീക്ഷ. പാല് ഉല്‍പാദനത്തിന്ശേഷവും പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും,പശുക്കളുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പരീക്ഷ അവസരമൊരുക്കുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് പറഞ്ഞു.
പശു ശാസ്ത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കാമധേനു ആയോഗ് പ്രത്യേക പഠനസാമഗ്രികളും തയ്യാറാക്കുന്നുണ്ട്. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റില്‍ ലഭിക്കും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പരീക്ഷാ ഫലം ഉടന്‍തന്നെ പ്രഖ്യാപിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ പശുവുമായി ബന്ധപ്പെട്ട പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി പ്രത്യേക ചെയര്‍ സ്ഥാപിക്കാനുള്ള നീക്കത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെയര്മാന് പറഞ്ഞു.